ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജിഎസ്ടി വര്‍ദ്ധിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. എക്‌സിലാണ് മന്ത്രി ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ വേദിയിലായിരുന്നു നിതിന്‍ ഗഡ്കരി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറച്ചു കൊണ്ടുവരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഒന്‍പത് വര്‍ഷത്തിനിടെ ഡീസല്‍ കാറുകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി അറിയിച്ചിരുന്നു.
മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളായ എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കാന്‍ മന്ത്രി കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ പാടില്ല. 2070ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്‌ക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.