പാക്കിസ്ഥാനുമായി ഇനി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും ആവശ്യമില്ലെന്ന് കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്നത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക എന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ നേരത്തെ പിന്തുണച്ചിരുന്ന വ്യക്തിയാണ് അബ്ദുള്ള. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദേഹം മുന്‍നിലപാടുകളില്‍ നിന്നുമലക്കം മറിഞ്ഞത്.
സുരക്ഷാ സേനയ്ക്കും നിര്‍മ്മാണ ക്യാമ്പുകള്‍ക്കും നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം നിലനില്‍ക്കെ പാകിസ്ഥാനുമായി ഇന്ത്യ ഒരു സംഭാഷണം ആരംഭിക്കുന്നതിന് ‘സാധ്യതയില്ല’യെന്ന് അദേഹം പറഞ്ഞു.ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് ഇപ്പോഴും നിര്‍ത്തിയിട്ടില്ല. പുറത്തുനിന്നുള്ള സഹായമില്ലാതെ ജമ്മു കശ്മീരില്‍ ഉണ്ടായ സംഭവങ്ങളെല്ലാം പൂര്‍ണ്ണമായും തദ്ദേശീയമാണെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന തരത്തിലുള്ള ആക്രമണങ്ങള്‍ കാരണം ചര്‍ച്ചകള്‍ക്ക് ഒരു സാധ്യതയുമില്ലന്ന് അബ്ദുള്ള പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2024-ല്‍ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 122 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.
Read more
2019-ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 കശ്മിരില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളും മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്ഥാന്‍ പരിഹരിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുള്ള പറഞ്ഞു. ‘സൗഹൃദപരമായ പ്രവര്‍ത്തന ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ ചില ആശങ്കകള്‍ പരിഹരിക്കണം ഇതിനായി പാകിസ്ഥാനുമായി ഇടപെടുന്നതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് എപ്പോഴും സംസാരിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.