രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കോവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും ഒരു സംസ്ഥാനത്തും വാക്‌സിന്‍ ക്ഷാമം ഉണ്ടാക്കില്ലെന്നും ഹര്‍ഷ വര്‍ദ്ധന്‍ ഉറപ്പു നല്‍കി.
മുംബൈ നഗരത്തിലെ വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചു കൊണ്ടിരിക്കുയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്സിന്‍ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയറുടെ പ്രതികരണം.
14 ലക്ഷം കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പിന്നാലെ ആന്ധ്രാപ്രദേശും വാക്സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55,000ത്തോളം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശനി- ഞായര്‍ ദിവസങ്ങളില്‍ മഹാരാഷ്ട്ര കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.