കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തെ കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.
സഹകരണ മന്ത്രാലയത്തെ കുറിച്ച് പാർലമെന്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് അമിത് ഷായുടെ വിശദീകരണം. സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെയും സഹകരണ മെഡിക്കൽ കോളജുകളുടെയും ബാങ്കുകളുടെയും നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സഹകരണത്തിൽ നിന്ന് അഭിവൃദ്ധിയിലേക്കുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുക, രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക, താഴെത്തട്ടിലേക്ക് അതിന്റെ ആഴം വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
എല്ലാ മേഖലകളിലേയും സഹകരണ പ്രവർത്തനങ്ങളുടെ ഏകോപനവും സഹകരണ മേഖലയിലെ പൊതുനയവുമാണ് മന്ത്രാലയത്തിന്റെ അധികാരപരിധിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഗുജറാത്ത് മോഡൽ രാജ്യത്ത് നടപ്പിലാക്കാനാണ് പുതിയ സഹകരണ മന്ത്രാലയമെന്നായിരുന്നു പ്രധാന വിമർശനം.