സദാചാര പൊലീസുകാരെ തട്ടി യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഡല്‍ഹി മെട്രോയിലെന്ന് യുവാക്കള്‍. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഒരു സംഭവം ഡല്‍ഹി മെട്രോയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മെട്രോയിലെ സദാചാര പൊലീസിംഗിനെ കുറിച്ച് യുവാക്കള്‍ ആക്ഷേപം ഉയര്‍ത്തുന്നത്. മെട്രോയില്‍ ചേര്‍ന്ന് നിന്ന് യാത്ര ചെയ്‌തെന്നും സ്‌നേഹ പ്രകടനം നടത്തിയെന്നും ആരോപിച്ച് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും യാത്രക്കാരി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇരുവരും കൈയിലും കവിളിലും പിടിച്ചുവെന്നും പൊതുസ്ഥലത്ത് ഇതൊന്നും പാടില്ലെന്നും ആക്രോശിച്ചായിരുന്നു യാത്രക്കാരി മെട്രോയില്‍ സദാചാര പ്രശ്‌നമുയര്‍ത്തിയത്. ഇതൊന്നും ഇവിടെ നടക്കില്ലെന്നും, പുറത്ത് പോയി ചെയ്യാനും സ്ത്രീ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
തിരക്കേറിയ മെട്രോയില്‍ യുവാക്കളുടെ പെരുമാറ്റം സഹിക്കാനാകാതെ എല്ലാവരോടുമായി ഇതിനെപ്പറ്റി പറയുകയും, യുവാക്കളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയുമായിരുന്നു യാത്രക്കാരിയായ മുതിര്‍ന്ന സ്ത്രീ. എന്നാല്‍ തങ്ങള്‍ എന്താണ് ചെയ്തതെന്ന് പെണ്‍കുട്ടി ഇതേപ്പറ്റി ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീ ഉച്ചത്തില്‍ സംസാരിച്ചതോടെ യാത്രക്കാര്‍ ഇരുപക്ഷത്തെയും പിന്തുണച്ച് അഭിപ്രായം പറയാന്‍ തുടങ്ങി. ഇതോടെ പ്രശ്‌നം ഗുരുതരമാകുകയായിരുന്നു.
ഡല്‍ഹി മെട്രോയില്‍ ഇത് ആദ്യ സംഭവമല്ലെന്നും നിത്യ സംഭവമാണെന്നുമാണ് വീഡിയോയില്‍ യുവാക്കളുടെ കമന്റുകള്‍. പലപ്പോഴും മുതിര്‍ന്ന സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് വീഡിയോ പങ്ക് വച്ചുകൊണ്ട് പലരും അഭിപ്രായപ്പെടുന്നത്. മറ്റൊരാളുടെ അനുവാദത്തോടെ ദേഹത്ത് സ്പര്‍ശിക്കുന്നത് എങ്ങനെയാണ് സ്ത്രീയെ അസ്വസ്ഥയാക്കുന്നതെന്നും ഒരു കൂട്ടം ആളുകള്‍ ചോദിക്കുന്നു.