സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വരുമാനത്തിൽ ആനുപാതികമായ വർദ്ധന കണ്ടിട്ടുണ്ടെന്നും അതിനാൽ പണപ്പെരുപ്പത്തെ കുറിച്ച് ആരും പരാതിപ്പെടേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് മധ്യപ്രദേശ് മന്ത്രി. വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു മധ്യപ്രദേശ് തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ.
“സാധാരണക്കാരന്റെ വരുമാനം ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചില്ലേ? അത് ശരിയാണെങ്കിൽ, നിങ്ങൾ വിലക്കയറ്റത്തെ കുറിച്ച് പരാതിപ്പെടരുത്. സർക്കാരിന് എല്ലാം സൗജന്യമായി നൽകാൻ കഴിയില്ല. സർക്കാർ വരുമാനം ശേഖരിക്കുന്നത് ഇങ്ങനെയാണ്. എല്ലാ വികസന പരിപാടികളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്…” ചോദ്യത്തിന് മറുപടിയായി മധ്യപ്രദേശ് തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“10 വർഷം മുമ്പ് നിങ്ങൾ 6,000 രൂപ സമ്പാദിച്ചു, ഇന്ന് നിങ്ങൾ 50,000 രൂപ സമ്പാദിക്കുന്നു, എന്നിട്ടും നിങ്ങൾക്ക് അന്നത്തെ അതേ നിരക്കിൽ പെട്രോളും ഡീസലും വേണം – ഇത് ഒട്ടും സാദ്ധ്യമല്ല… ഏത് വിഭാഗത്തിനാണ് വരുമാനത്തിൽ വർദ്ധന ഉണ്ടാകാത്തത്? 5,000 രൂപ ലഭിച്ചിരുന്ന ജീവനക്കാർക്ക് ₹ 25-30,000 ലഭിക്കുന്നില്ലേ? ബിസിനസുകാർക്ക് അവരുടെ സാധനങ്ങൾക്ക് മികച്ച വില ലഭിക്കുന്നില്ലേ? പച്ചക്കറികളും പാലും വിൽക്കുന്നവർക്ക് മികച്ച വില ലഭിക്കുന്നില്ലേ?” മന്ത്രി കൂട്ടിച്ചേർത്തു.
“കോൺഗ്രസ് ഭരണത്തിൽ വില വർദ്ധിച്ചില്ലേ? അതോ [പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ] സർക്കാരിന് കീഴിൽ മാത്രമാണോ ഇത് സംഭവിച്ചത്?” തുടർ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി ചോദിച്ചു.
അവശ്യസാധനങ്ങളുടെ, പ്രത്യേകിച്ച് ഇന്ധനത്തിന്റെയും ഭക്ഷ്യ എണ്ണകളുടെയും വില ഈയടുത്ത മാസങ്ങളിൽ കുത്തനെ വർദ്ധിച്ചു. ഗാർഹിക ബഡ്ജറ്റിൽ, പ്രത്യേകിച്ച് സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് ഇത് വലിയ രീതിയിൽ ഉള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.