ഹലാലും ഹിജാബും മാത്രമല്ല, ഭരണവും വേണം; കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര നിര്‍ദ്ദേശം

കര്‍ണാടകയില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ സര്‍ക്കാരിന് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഹലാലും , ഹിജാബും മാത്രമല്ല സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളിലും ശ്രദ്ധ വേണമെന്ന് ബിജെപി സര്‍ക്കാരിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന ഭരണ നിര്‍വഹണത്തില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് അറിയിച്ചിരിക്കുന്നത്.

ഹലാല്‍, ഹിജാബ് തുടങ്ങിയ വിഷയങ്ങള്‍ കുറച്ച് വോട്ടുകള്‍ നേടി തന്നേക്കാം. എന്നാല്‍ ബജറ്റ് നിര്‍ദ്ദേശങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബസവരാജ് ബൊമ്മെ അടുത്തിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാന ബിജെപി ഘടകം സമ്പൂര്‍ണ നവീകരണത്തിന് ഒരുങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും. കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഏപ്രില്‍ 12 മുതല്‍ 24 വരെ കര്‍ണാടകയിലെത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഏപ്രില്‍ 16 മുതല്‍ 17 വരെയും കര്‍ണാടകയിലുണ്ടാകും. അതിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയില്‍ അന്തിമരൂപമാകും.

Read more

തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. പാര്‍ട്ടി പുനഃസംഘടന നടത്തി സര്‍ക്കാര്‍ ഭരണപരമായ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള കര്‍ഷകരെ അനുനയിപ്പിക്കാനായി ജലസേചന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബൈമ്മായിയോട് പറഞ്ഞതായും ബിജെപി വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.