ബി.ജെ.പി യിൽ ചേർന്നാൽ നിങ്ങളെ ഹേമാമാലിനിയാക്കാം എന്ന് തങ്ങളുടെ പാർട്ടി നേതാക്കളിൽ ഒരാളോട് അമിത് ഷാ പറഞ്ഞതായി ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി.തങ്ങൾക്കാർക്കും ഇപ്പോള്‍ ഹേമമാലിനിയാവണ്ട”. ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി.ജെ.പിക്ക് എന്തിനാണ് തന്നോട് ഇത്ര സ്‌നേഹമെന്നും എപ്പോഴും ഞങ്ങളെക്കുറിച്ചു മാത്രം ബി.ജെ.പി സംസാരിക്കുന്നത് എന്തിനാണെന്നും ചൗധരി ചോദിച്ചു.
ബി.ജെ.പി യുമായി തങ്ങൾ ഒരു സഖ്യത്തിനുമില്ലെന്ന് രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ ചൗധരി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ 700 കർഷകരുടെ കുടുംബങ്ങളോട് ബി.ജെ.പിയെ പിന്തുണക്കുമോ എന്ന് ചോദിക്കൂ എന്ന് അദ്ദേഹം മറുപടി നൽകി. ഇതോടെ എസ്.പി.സഖ്യത്തിൽ നിന്നും ആർ.എൽ.ഡിയെ അടർത്തിയെടുക്കാനുള്ള ബി.ജെ.പി നീക്കം പാളി.
കർഷക പ്രക്ഷോഭത്തോടെയാണ് ജാട്ട് സമുദായവും ബി.ജെ.പിയും രണ്ട് തട്ടിലായത്.സഖ്യം വേർപെടുത്തി ബി.ജെ.പി മുന്നണിയിൽ ചേരാൻ പർവേശ് വർമ എം.പി, ജയന്ത് ചൗധരിയോട് ആവശ്യപ്പെട്ടത് അമിത് ഷായുടെ നിർദേശ പ്രകാരമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഖ്യ സാധ്യത തുടരുമെന്ന് ആർ.എൽ.ഡിയ്ക്ക് എം.പി ഉറപ്പ് നൽകിയിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പി തന്ത്രം ആവിഷ്‌കരിച്ചത്.