വസുന്ധരയല്ല, രാജസ്ഥാനിലും പുതുമുഖം; ആദ്യ തവണ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ ബിജെപി മുഖ്യമന്ത്രി; റോയല്‍ മുഖത്തിന് ഉപമുഖ്യമന്ത്രിയായി ദിയാകുമാരി

ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും ബിജെപിയുടെ സസ്‌പെന്‍സ് മുഖ്യമന്ത്രി. രണ്ടു തവണ മുഖ്യമന്ത്രിയായ ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യയെ മാറ്റി നിര്‍ത്തി പുതുമുഖ പരീക്ഷണമാണ് ബിജെപി രാജസ്ഥാനില്‍ നടത്തിയത്. ആദ്യ തവണ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മയെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് രാജസ്ഥാനില്‍ ബിജെപി കൊണ്ടുവന്നതെന്നതും നിര്‍ണായക നീക്കമാണ്. ഛത്തീസ്ഗഢില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയാക്കുകയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത ബിജെപി നേതൃത്വം രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ കണ്ടെത്തുകയായിരുന്നു. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആര്‍എസ്എസ് മുന്നോട്ടുവെച്ച നേതാക്കളില്‍ ഒരാളാണ് ഭജന്‍ലാല്‍ ശര്‍മ്മ.

രാജകുടുംബ പാരമ്പര്യമുള്ള വസുന്ധര രാജെ സിന്ധ്യയെ ഒഴിവാക്കിയ ബിജെപി കേന്ദ്രനേതൃത്വം അതിനാല്‍ മന്ത്രിസഭയില്‍ ഒരു റോയല്‍ മുഖത്തിനും അവസരം നല്‍കി സവര്‍ണ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ജയ്പൂര്‍ രാജകുമാരി ലേബലില്‍ മല്‍സരിച്ച ദിയാകുമാരിയേയും പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാക്കാനും പാര്‍ട്ടി തീരുമാനമെടുത്തു.

ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ രാജസ്ഥാനില്‍ ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയാക്കിയത്. വസുന്ധര രാജെ സിന്ധ്യയും കേന്ദ്രനേതൃത്വവുമായുള്ള കലഹം തുടര്‍കഥയായതോടെ വസുന്ധരയെ ഒഴിവാക്കുമെന്ന കാര്യം സുനിശ്ചിതമായിരുന്നു. അമിത് ഷായും വസുന്ധരയും തമ്മിലുള്ള ഉരസല്‍ കുറച്ചുകാലമായി പാര്‍ട്ടിയില്‍ തെളിഞ്ഞു കണ്ടിരുന്നതാണ്. വസുന്ധരയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങിനെയാണ് രാജസ്ഥാനില്‍ പാര്‍ട്ടി നിരീക്ഷകനായി കേന്ദ്ര നേതൃത്വം ഇറക്കിയിരുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മയെ രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ വസുന്ധര രാജെ സിന്ധ്യയാണ് നാമനിര്‍ദ്ദേശം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

Read more

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി, മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത്. ഒബിസി ഗോത്രവര്‍ഗ വോട്ടുകള്‍ക്കൊപ്പം സവര്‍ണ പ്രീണനം കൂടി ലക്ഷ്യമിട്ടാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി പദം ആദ്യ തവണ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് നല്‍കിയത്. ജാതി സമവാക്യങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒപ്പം സ്ത്രീ വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടെയാണ് ദിയാകുമാരിയുടെ ഉപമുഖ്യമന്ത്രി സ്ഥാനം.