സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, അനുമതി നല്‍കി പ്രധാനമന്ത്രി; എവിടെ എങ്ങനെ എപ്പോള്‍ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുന്നതില്‍ സൈന്യത്തിന് ഉചിതമായ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന് എവിടെ എങ്ങനെ എപ്പോള്‍ തിരിച്ചടി നല്‍കണമെന്ന് തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാകിസ്ഥാന്‍ അഞ്ചാം ദിവസവും അതിര്‍ത്തിയില്‍ പ്രകോപനപരമായ വെടിവെയ്പ്പ് തുടരുന്നതിനിടെയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തത്. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സിമിതി യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണ് മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗത്തിന് മുന്നോടിയായി ചില കാര്യങ്ങള്‍ വിലയിരുത്താനാണ് നിലവിലുള്ള കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ യോഗത്തിലാണ് നയതന്ത്ര – സൈനിക തലങ്ങളില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

Read more

പാകിസ്ഥാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.