നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എൻടിഎ; നടപടി സുപ്രീം കോടതി നിർദേശത്തെ തുടർന്ന്

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് നീറ്റ് യുജി 2024 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. എല്ലാ വിദ്യാർത്ഥികളുടെയും സെൻറർ തിരിച്ചുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചത്. exams.nta.ac.in/NEET, neet.ntaonline.in എന്ന വെബ്‌സൈറ്റിലും ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

ജൂലൈ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. നഗരവും കേന്ദ്രവും തിരിച്ചുള്ള ഫലം പുറത്തുവിടാണമെന്നും ഏജൻസിയോട് കോടതി ഉത്തരവിട്ടിരുന്നു. പരീക്ഷയിൽ സുതാര്യത കൊണ്ടുവരാൻ എല്ലാ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിക്കാൻ എൻഡിഎയ്ക്ക് നിർദ്ദേശം നൽകണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു കോടതി നിർദേശം.

ഉദ്യോഗാർത്ഥികൾ നേടിയ സെൻറർ തിരിച്ചുള്ള മാർക്കിൽ കുറച്ച് സുതാര്യത കൊണ്ടുവരുന്നതിനായി NEET-UG 24 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹരജിക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി പറഞ്ഞു. നീറ്റ്-യുജി 2024 പരീക്ഷകളിലെ പേപ്പർ ചോർച്ചയും ക്രമക്കേടും ആരോപിച്ചുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ജൂലൈ 22ന് തുടരുമെന്നും ബെഞ്ച് അറിയിച്ചിരുന്നു.