രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10112 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മുൻദിവസങ്ങളേക്കാൽ എണ്ണത്തിൽ കുറവാണിത് എങ്കിലും പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തു നൽകി.
സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
മാർച്ച് മുതൽ രാജ്യത്ത് കൊവിഡ് കേസുകളുടെ തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഡൽഹിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്..