മുസാഫര്‍ കലാപം; ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരുമടക്കം പ്രതികളായിരുന്ന കേസ് പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 63 പേര്‍ കൊല്ലപ്പെടുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്‍മാര്‍ക്കെതിരായ കേസാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

രാജ്യത്തെ ഞെട്ടിച്ച കലാപത്തില്‍ ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരുമടക്കം പ്രതികളായിരുന്നു. കേസ് പിന്‍വലിക്കുന്നതിനായി ജനഹിതം അറിയാന്‍ ജില്ലാ കളക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി നേതാക്കളായ സാധ്വി പ്രാച്ചി, മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സഞ്ജീവ് ബിയാന്‍, എംപി ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എ മാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിംഗ് സോം എന്നിവര്‍ അടക്കം പ്രതികളായ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.

2013 ഓഗസ്റ്റ് 31 ന് നടന്ന മഹാപഞ്ചായത്തില്‍ ഉണ്ടായ പ്രകോപന പ്രസംഗമാണ് ബിജെപി നേതാക്കള്‍ക്കെതിരായ ഒരു കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് പ്രേരണയാകുകയായിരുന്നു. സഞ്ജീവ് ബലിയാന്‍, സുരേഷ് റാണ, സംഗീത് സോം എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

ഇവര്‍ക്കെതിരെ ഐപിസി 188, 354, 341 വകുപ്പുകള്‍ ആണ് ചാര്‍ജ് ചെയ്തിരുന്നത്. മുസാഫര്‍ നഗര്‍ അഡീഷണിര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മധു ഗുപ്തയുടെതായിരുന്നു ഉത്തരവ്. അതേസമയം, കലാപവുമായി ബന്ധപ്പെട്ട് ഏകദേശം 40,000ത്തോളം പേര്‍ മുസാഫര്‍ നഗറില്‍ നിന്നും വീടുവിട്ട് മറ്റുനാടുകളിലേക്ക് പോകുകയും ചെയ്തു