ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; ന്യൂസ് ചാനലിന്റെ സംപ്രേഷണം വിലക്കി കേന്ദ്ര സര്‍ക്കാര്‍; ജനാധിപത്യം അപകടത്തിലെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട മറാത്തി ചാനലിന്റെ സംപ്രേഷണം വിലക്കി. സ്ത്രീയുമായുള്ള വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ ലോക് സാഹി ചാനലാണ് പുറത്തുവിട്ടത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് 72 മണിക്കൂറാണ് ചാനല്‍ സംപ്രേഷണം നിറുത്തിവയ്‌ക്കേണ്ടത്.

കിരിത് സോമയ്യയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ ആണ് ചാനല്‍ സംപ്രേഷണം നടത്തിയത്. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തുന്നത് വീഡിയോയിലുണ്ട്. ഇത്തരത്തിലുള്ള 30ല്‍ അധികം വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ചാനല്‍ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭയില്‍ കിരിത് സോമയ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read more

കിരിത് സോമയ്യയുടെ പരാതിയില്‍ പൊലീസ് ചാനലിനെതിരെ കേസെടുത്തിരുന്നു. ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് ജനാധിപത്യം അപകടത്തിലാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161ാം സ്ഥാനത്താണെന്നും വൈകാതെ പട്ടികയില്‍ ഏറ്റവും താഴെ എത്തുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.