ഓഖി മഹാരാഷ്ട്രയിലേക്ക്; മുംബൈയിൽ കനത്ത മഴ തുടരുന്നു, കൂറ്റൻ തിരമാലകൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്

കേരള തീരത്തും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപമായി കടന്നുപോകുന്ന കാറ്റിനെ തുടർന്നു മുംബൈയിൽ കനത്ത മഴയാണ്. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ഇതുവരെയും തോർന്നിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെയും സമീപ ജില്ലകളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും കനത്ത മഴ മൂലം റദ്ദാക്കി. ബീച്ചുകൾ സന്ദർശിക്കരുതെന്നു ജനത്തിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വിതച്ച നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരളത്തിൽ സമഗ്ര നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാൻ സർക്കാർ തീരുമാനം.

നാളത്തെ മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നൽകും. ജീവനോപാധികൾ നഷ്ട്ടപ്പെട്ടതിനടക്കം പാക്കേജ് തയ്യാറാക്കാൻ റവന്യു, ഫിഷറീസ്, ടൂറിസം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാൽ നേരിടാൻ വൻ തയാറെടുപ്പുകളുമായി ആണ് മഹാരാഷ്ട്ര സർക്കാർ സജ്ജരായിരിക്കുന്നത്. യാത്രക്കാരെ നിയന്ത്രിക്കുന്നതിനു വെസ്റ്റേൺ റെയിൽവേ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുംബൈ മെട്രോപൊളീറ്റൻ നഗരം, സിന്ധുദുർഗ, താനെ, റായ്ഗഡ്, പൽഗാർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി.