സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.
കൊറോണ വൈറസിന്റെ പുതുതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദമാണ് ഈ വ്യക്തിക്ക് ബാധിച്ചതെന്ന് ജീനോം സീക്വൻസിംഗിൽ വെളിപ്പെട്ടു.
ഇന്ത്യയിൽ ഒമിക്രോൺ വേരിയന്റിന് സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണിത്. നേരത്തെ കർണാടകയിൽ രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.
66 കാരനായ ആദ്യ രോഗി നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് സംസ്ഥാനത്തെത്തി ഏഴ് ദിവസത്തിന് ശേഷം ഇന്ത്യ വിട്ടു. രണ്ടാമത്തെ രോഗി ആരോഗ്യ പ്രവർത്തകയാണെന്നും ഇവർ വിദേശ യാത്രാ നടത്തിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.