ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനില്ല

ഒമി​ക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും. ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിലവിലെ സര്‍വീസുകള്‍ തുടരും. എന്നാല്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അതിനിടെ ലണ്ടനിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കൊറോണ വൈറസിന്‍റെ ഏതു വകഭേദമാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.