48 മണിക്കൂറിനുള്ളിൽ 31 രോഗികൾ മരിച്ച മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള വൃത്തിഹീനമായ ദൃശ്യങ്ങൾ വൈറലാവുന്നു. 16 നവജാത ശിശുക്കളടക്കം 31 പേർ മരിച്ച ദാരുണ സംഭവം നടന്ന മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർ റാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശുചിത്വത്തെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രി കാന്റീനോട് ചേർന്നുള്ള തുറന്ന ഓടയിൽ പന്നികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ച്ചയാണ് സർക്കാർ ആശുപത്രിയിൽ നിന്ന് പുറത്തു വന്ന വീഡിയോയിലുള്ളത്.
അലഞ്ഞ് നടക്കുന്ന പന്നികൾക്കരികിലായി രോഗികളുടെ ബന്ധുക്കൾ പല്ല് തേക്കുന്നതും പാത്രങ്ങൾ കഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. തുറന്ന ഓടയിൽ പ്ലാസ്റ്റിക് കുപ്പികളും പൊതികളും അടഞ്ഞു കിടക്കുകയാണ്. 31 പേർ മരിച്ച സംഭവത്തെ തുടർന്ന് ആശുപത്രി സന്ദർശിക്കാൻ എത്തിയ ശിവസേന എംപി വൃത്തിയില്ലാത്ത ശുചിമുറി ഡീനിനെകൊണ്ട് കഴുകിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തികച്ചും അറപ്പ് ഉളവാക്കുന്ന രീതിയിലുള്ള ആശുപത്രി പരിസരത്തിന്റെ വീഡിയോയും പ്രചരിക്കുന്നത്.
പന്നികളുടെ ഈ കൂട്ടവും വൃത്തിയില്ലാത്ത ഓടയും ഇവിടുത്തെ പതിവ് കാഴ്ച്ചയാണെന്നാണ് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ല. ആശുപത്രയിൽ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മരുന്ന് ഉൾപ്പടെ പുറത്തുനിന്നാണ് വാങ്ങുന്നതെന്നും അവർ പരാതി പറയുന്നു. പാവപ്പെട്ടവർ എന്ത് ചെയ്യുമെന്നും അവർ ചോദിക്കുന്നു.
‘ഇവിടെ ഒന്നും കിട്ടാനില്ല, കയ്യിൽ പണമില്ലെങ്കിൽ കുട്ടി മരിക്കും’, മറ്റൊരു സ്ത്രീ നിറകണ്ണുകളോടെ പറയുന്നു. ആശുപത്രിയുടെ പ്രസവ വാർഡിൽ പോയാൽ ഇതിലും ദയനീയമായ കാഴ്ചകൾ കാണാമെന്ന് മറ്റൊരു സ്ത്രീ വീഡിയോയിൽ പറയുന്നു. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു സ്ത്രീ കാന്റീനിൽ നിന്ന് ഓടി വന്ന് ചൂലെടുത്ത് അവിടമാകെ വൃത്തിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ആശുപത്രിയിൽ ആവശ്യത്തിന് ജോലിക്കാരില്ലെന്നും ഒരാളെ തന്നെ ഒന്നിലധികം വാർഡുകൾ ഏൽപ്പിച്ചിരിയ്ക്കുകയാണെന്നും ഒരു തൂപ്പുകാരൻ പറയുന്നു. ഇതാണ് ആശുപത്രിയുടെ ഈ ശോചനീയവസ്ഥക്ക് കാരണമെന്നാണ് അയാൾ പറയുന്നത്. അവശ്യ മരുന്നിന്‍റെയും ഡോക്ടർമാരുടെയും ക്ഷാമമാണ് കഴിഞ്ഞ ദിവസം നടന്ന മരണങ്ങളുടെ കാരണമായി ചൂണ്ടികാണിച്ചിരുന്നത്. എന്നാൽ അത്രതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ആശപത്രിയുടെ ഈ ശോചനീയാവസ്ഥയും.
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവരുന്ന ഈ ദൃശ്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ തന്നെ ആരോഗ്യ സംവിധനത്തെ ചോദ്യം ചെയ്യുന്നതാണ്. 31 രോഗികൾ മരിക്കുകയും 70 ലധികം പേർ ഗുരുതരാവസ്ഥയിലും കഴിയുന്ന സാഹചര്യത്തിൽ പോലും ആശുപത്രി അധികൃതരോ കേന്ദ്ര- സംസ്ഥന സർക്കാരുകളോ വിഷയത്തെ ഗൗരവമായി കാണുന്നില്ലായെന്നു തന്നെയാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ ആശുപത്രിയിൽ മരിച്ചത്. തുടർന്ന് 7 മരണങ്ങൾകൂടി സംഭവിച്ചു. കൂട്ടമരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നും അവർ സമ്മതിച്ചിരുന്നു. വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.