എൽ.കെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസയുമായി വീട്ടിലെത്തി പ്രധാനമന്ത്രി മോദി

ഇന്ന് 94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയും അദ്ദേഹത്തെ വീട്ടിലെത്തി നേരില്‍ കണ്ടും ആശംസയറിയിച്ചു. ആളുകളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ സാംസ്‌കാരിക അഭിമാനം ഉയര്‍ത്തുന്നതിനുമായി അദ്വാനി നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അനുമോദിച്ചു. അദ്വാനി പണ്ഡിതനും ബുദ്ധിമാനുമാണെന്ന് പ്രധാനമന്ത്രി വിശഷിപ്പിച്ചു.

അദ്വാനിയുടെ വസതിയിൽ പൂച്ചെണ്ടുമായി പ്രധാനമന്ത്രി മോദി എത്തുകയും പിന്നീട് മുതിർന്ന നേതാവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അദ്വാനി ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനമാണെന്ന് കഴിഞ്ഞ വര്‍ഷം ജന്മദിനാശംസ ഏകികൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ദീര്‍ഘവീക്ഷണവും പാണ്ഡിത്യവും ബുദ്ധിയും ഒരുമിച്ച് ചേര്‍ന്ന ആദരണീയ വ്യക്തിയാണ് അദ്വാനിയെന്നും അദ്ദേഹം എല്ലാവര്‍ക്കുമൊരു പ്രചോദനമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

അദ്വാനിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്, രാജ്യത്തിന്റെ വികസനത്തിലും പാര്‍ട്ടിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അദ്വാനി വഹിച്ച പങ്കിനെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പ്രശംസിച്ചു. ഒപ്പം കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്വാനി ഒരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

1927 നവംബര്‍ 8 ന് കറാച്ചിയിലാണ് എല്‍.കെ. അദ്വാനി ജനിച്ചത്. വിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. 80 കളുടെ അവസാനത്തില്‍ രാമജന്മഭൂമിയുമായി ബിജെപിയെ ബന്ധിപ്പിച്ചത് അദ്വാനിയാണ്. ദേശീയതലത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളരാന്‍ ഇത് ബി.ജെ.പിയെ സഹായിച്ചു

Read more

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കൊപ്പം പതിറ്റാണ്ടുകളോളം പാര്‍ട്ടിയെയും ജനസംഘത്തെയും നയിച്ച അദ്വാനിയാണ് ഹിന്ദുത്വ രാഷ്ട്രീയം രൂപപ്പെടുത്തിയെടുത്തത്. ബി.ജെ.പിയുടെ സ്ഥാപക അംഗമായ അദ്വാനി പാര്‍ട്ടിയുടെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്ന വ്യക്തി കൂടിയാണ്.