പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. ഏപ്രില്‍ 22 ലെ ആക്രമണത്തിലൂടെ തീവ്രവാദികള്‍ ലക്ഷ്യം വെച്ചത് കേന്ദ്രഭരണ പ്രദേശം നശിപ്പിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരര്‍ക്ക് തക്കതായ ശിക്ഷ നല്‍മെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ടവരുടേയും കുടുംബത്തിന്റേയും വേദന ഓരോ ഇന്ത്യക്കാരന്റെയും വേദനയാണെന്നും ഭീകരാക്രമണത്തിന്റെ ചിത്രങ്ങള്‍ കാണുന്ന ഇന്ത്യക്കാരുടെ രക്തം തിളയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരാന്‍ രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണം ഭീകരതയെ പിന്തുണയ്ക്കുന്നവരുടെ അസ്വസ്ഥതയാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ ഭീരുത്വത്തെയാണ് ആ ആക്രമണം തുറന്നു കാണിക്കുന്നത്. കശ്മീരില്‍ സമാധാനം തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ ആക്രമണം. സ്‌കൂളുകളും കോളേജുകളും ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകുകയായിരുന്നു, ജനാധിപത്യം ശക്തിപ്പെട്ടു, വിനോദസഞ്ചാരത്തില്‍ വളര്‍ച്ചയുണ്ടായി, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, പക്ഷേ ജമ്മു കശ്മീരിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. തീവ്രവാദികള്‍ വീണ്ടും കശ്മീരിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവരാണ് ഈ രാജ്യത്തിന്റെ, ജമ്മു-കശ്മീരിന്റെ യഥാര്‍ഥ ശത്രുക്കള്‍.
പല ലോകനേതാക്കളും തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ചിലര്‍ കത്തെഴുതുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏവരും അനുശോചനം രേഖപ്പെടുത്തി. പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാന്‍ 140 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കൊപ്പം ഈ ലോകം മുഴുവന്‍ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്, അവര്‍ക്ക് നീതി ലഭിക്കും. ഈ ആക്രമണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് പരുഷമായ രീതിയിലുള്ള മറുപടി തന്നെ ലഭിക്കും.
രാജ്യം മുഴുവന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പരിക്കേറ്റവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നു. ഒരാള്‍ക്ക് ഒരു മകനെ നഷ്ടപ്പെട്ടുവെങ്കില്‍ ഒരാള്‍ക്ക് ഒരു സഹോദരനെ നഷ്ടപ്പെട്ടു, മറ്റൊരാള്‍ക്ക് ജീവിതപങ്കാളിയെയാണ് നഷ്ടപ്പെട്ടത്. ഒരാള്‍ ബംഗാളിയാണെങ്കില്‍ മറ്റൊരാള്‍ കന്നഡിഗയും മറ്റൊരാള്‍ മറാത്തി, മറ്റൊരാള്‍ ഒഡിയയും, മറ്റൊരാള്‍ ഗുജറാത്തി, മറ്റൊരാള്‍ ബിഹാറിന്റെ മകന്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്. കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ ഈ ദുഃഖവും രോഷവുമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആക്രമണം നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ മാത്രമല്ല നടന്നതെന്നും രാജ്യത്തിന്റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ ചൂണ്ടിക്കാട്ടി.