ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്ര സര്‍ക്കാരിന്റെ ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി അപ്രായോഗികമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ പോകുന്നില്ലെന്നും മറ്റ് രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനമെടുത്തതിന് പിന്നാലെ ആയിരുന്നു ഖര്‍ഗെയുടെ പ്രതികരണം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി.
ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കുന്ന അജണ്ടയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ല എന്നുവേണം മനസിലാക്കാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.