ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ ആണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. നോട്ടീസ് നല്‍കിയവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.

20 അംഗങ്ങള്‍ ലോക്‌സഭയില്‍ ഹാജരാകാതിരുന്നത് ഭരണപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളാലും ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ബില്ല് അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ വിപ്പുണ്ടായിട്ടും 20 ബിജെപി അംഗങ്ങള്‍ ഹാജരായിരുന്നില്ല. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു.