യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ന്യൂയോർക്കിലെ ഇന്ത്യൻ എംബസി നടത്തിവരികയാണ്.
അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്. ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയിൽ എത്തിയത്.
മൂന്നര മാസത്തിനിടെ യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയാണ് അർഫാത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഒഹയോൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ക്ലീവ്ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം ആദ്യം, ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർത്ഥി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.
ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യയുടെ മരണവും ജോർജിയയിൽ വിവേക് സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ച വാർത്തകളായിരുന്നു. യുഎസിലെ കണക്കുകൾ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം കൂടുതലാണ്.