ജമ്മു കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന പ്രത്യേക ഭരണഘടന വ്യവസ്ഥ കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് രണ്ട് ദിവസത്തിന് ശേഷം, തെക്കൻ കശ്മീരിലെ അസ്ഥിരമായ ഷോപിയാൻ ജില്ലയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ കശ്മീരികളോട് സംസാരിക്കുന്ന ഒരു വീഡിയോ കേന്ദ്ര സർക്കാർ പുറത്തു വിട്ടിരുന്നു.
കശ്മീരിൽ സ്ഥിതി ശാന്തമാണെന്നും പ്രദേശത്ത് ജനങ്ങൾ സമാധാനത്തോടെയാണ് കഴിയുന്നതെന്നും കാണിക്കാൻ ഈ വീഡിയോ ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 7- ന് പുറത്തിറങ്ങിയ വീഡിയോയിൽ ഡോവൽ പ്രദേശവാസികളുമായി ബിരിയാണി പങ്കിടുന്നതായും കുശലാന്വേഷങ്ങളിൽ ഏർപ്പെടുന്നതായുമാണ് കാണപ്പെട്ടിരുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ ചിത്രം പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് ഹഫിങ്ടൺ പോസ്റ്റ്.
വീഡിയോയിൽ ദോവലുമായി സംവദിക്കുന്ന ഒരു വ്യക്തിയെ ഹഫ്പോസ്റ്റ് കണ്ടെത്തി കാര്യങ്ങൾ അന്വേഷിച്ചതിനെ തുടർന്നാണ് സത്യാവസ്ഥ പുറത്തു വന്നിരിക്കുന്നത്. ഷോപിയാൻ ജില്ലയിലെ അലിയൽപോറയിലെ താമസക്കാരനും 62 വയസുള്ള മുൻ സർക്കാർ ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് മൻസൂർ മാഗ്രെ ആണ് വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തിയിരിക്കുന്നത്. വന്നിരിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ആണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ താൻ അദ്ദേഹത്തെ കാണാൻ പോകില്ലായിരുന്നെനും മുഹമ്മദ് മൻസൂർ വ്യക്തമാക്കി.
“എന്റെ ജീവിതത്തിൽ മുമ്പ് ഞാൻ അദ്ദേഹത്തെ (ദോവലിനെ) കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹം ഡി.ജി.പിയുടെ പെഴ്‌സണൽ സെക്രട്ടറിയായിരിക്കുമെന്ന് ഞാൻ കരുതി, ”വീഡിയോ വൈറലായതിനെ തുടർന്ന് തന്റെ കുടുംബം ഭയപ്പാടിലാണെന്നും മുഹമ്മദ് മൻസൂർ മാഗ്രെ പറഞ്ഞു.
വീഡിയോ വന്നതിനെ തുടർന്ന് തന്നെ “പണം കൈപ്പറ്റുന്ന ചാരൻ” എന്ന് വിളിച്ച് തന്റെ ജീവൻ അപകടത്തിലാക്കിയതിന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും മുഹമ്മദ് മൻസൂർ പറഞ്ഞു.
ഓഗസ്റ്റ് 7- ന്, തന്റെ വീട്ടിൽ ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് തയ്യാറെടുക്കവെ സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥരോടൊപ്പം ചില സിവിൽ പൊലീസുകാർ മോട്ടോർ സൈക്കിളുകളിൽ വന്ന് ഷോപിയാൻ പൊലീസ് സ്റ്റേഷനിൽ വരാൻ മുഹമ്മദ് മൻസൂറിനോട് ആവശ്യപ്പെടുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ, അതുകൊണ്ടാണ് അവർ വിളിപ്പിച്ചതെന്നാണ് മുഹമ്മദ് മൻസൂർ കരുതിയത്.
എന്നാൽ ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് ഷോപിയാനിൽ ഒരു സന്ദർശനത്തിനെത്തിയതായി പൊലീസ് മുഹമ്മദിനോട് പറഞ്ഞു. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഡി.ജി.പിയെ ധരിപ്പിക്കണമെന്ന് വിചാരിച്ചാണ് മുഹമ്മദ് മൻസൂർ സ്റ്റേഷനിൽ എത്തിയത്. അവിടെ പള്ളി മാനേജുമെന്റിൽ നിന്നുള്ള 5-6 പേർ ഉണ്ടായിരുന്നു. 5-10 മിനിറ്റ് കാത്തിരുന്നതിനെ തുടർന്നും ആരും വന്നില്ല. ‘നിങ്ങൾ എന്നെ ഏത് സെല്ലിൽ ആണ് ഇടുന്നത്? ഇവിടെയോ തിഹാർ ജയിലിലോ? ’ എന്ന് താൻ അവരോട് ചോദിച്ചതായി മുഹമ്മദ് മൻസൂർ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരാരും വരാത്തതിനെ തുടർന്ന് പോകാൻ തീരുമാനിച്ച മുഹമ്മദ് ഉച്ചഭക്ഷണം കഴിച്ച് മടങ്ങിവരുമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. അവിടെ കൂടിയിരുന്ന മറ്റ് നാട്ടുകാരോടും അയാൾ വീട്ടിൽ പോയി പിന്നീട് വരാമെന്നു പറഞ്ഞു.
“ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ നിമിഷം, ആംബുലൻസുമായി ഒരു പോലീസ് വാഹനം വന്നു. ഞങ്ങളെല്ലാവരും ആംബുലൻസിൽ കയറി, അവർ ഞങ്ങളെ കന്നുകാലികളെപ്പോലെ ഷോപിയാനിലെ ശ്രീനഗർ ബസ് സ്റ്റോപ്പിന് സമീപം എത്തിച്ചു. ഞങ്ങൾ അവിടെ എത്തിയപ്പോൾ, കുറെ സൈനികരും പോലീസ് വാഹനങ്ങളും പ്രദേശം മുഴുവൻ വളഞ്ഞതായി കണ്ടു.”
“ഞങ്ങൾ ആംബുലൻസിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ ഷോപിയാൻ പോലീസ് സൂപ്രണ്ട് സന്ദീപ് ചൗധരി സ്വീകരിച്ചു. അദ്ദേഹത്തിന് ശേഷം, ഞാൻ ഡി.ജി.പിയെ കണ്ടു, കഴിഞ്ഞ 72 മണിക്കൂറായി വീടുകളിൽ പൂട്ടിയിട്ടിരിക്കുന്ന ആളുകളുടെ അവസ്ഥയെക്കുറിച്ച് ഞാൻ അദ്ദേഹത്തെ അറിയിച്ചു.”
“ഡി.ജി.പിയോട് ഞാൻ സാഹചര്യം വിശദീകരിച്ചപ്പോൾ, അദ്ദേഹം എന്നെ ജാക്കറ്റ് ധരിച്ച ഒരാളുടെ അടുത്തേക്ക് കൊണ്ടുപോയി, ഈ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ പറഞ്ഞു. എന്റെ ജീവിതത്തിൽ മുമ്പ് ഞാൻ അദ്ദേഹത്തെ (ദോവൽ) കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹം ഡി.ജി.പി യുടെ പേഴ്‌സണൽ സെക്രട്ടറിയായിരിക്കുമെന്ന് ഞാൻ കരുതി.” മുഹമ്മദ് പറഞ്ഞു
അദ്ദേഹം പറഞ്ഞു: ‘നോക്കൂ, ആർട്ടിക്കിൾ 370 പോയി.’
മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല.
രണ്ടാമതായി, അദ്ദേഹം പറഞ്ഞു, ‘ആളുകൾക്ക് പ്രയോജനം ലഭിക്കും, ദൈവം എല്ലാം നന്നായി സൂക്ഷിക്കട്ടെ.’
ഞാൻ മറുപടി പറഞ്ഞു: ഇൻഷഅല്ലാഹ്
തുടർന്ന് യുവജനങ്ങളുടെ വികസനം, തൊഴിലവസരങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. സർക്കാരിന്റെ തീരുമാനം കശ്മീരിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ഞങ്ങളെ മനസ്സിലാക്കി.
ഈ സമയം, 5-8 ക്യാമറാമാന്മാർ അവിടെ ഉണ്ടായിരുന്നു, അവർ മുഴുവൻ സംഭാഷണവും ചിത്രീകരിക്കുന്നുണ്ടായിരുന്നു. സംഭാഷണം 10-15 മിനിറ്റ് നീണ്ടു നിന്നു.
അദ്ദേഹം ഡി.ജി.പിയുടെ പെഴ്സണൽ സെക്രട്ടറിയാവാൻ വഴിയില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ‘സർ, ദയവായി നിങ്ങളെ പരിചയപ്പെടുത്തൂ?’
അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ മോദിജിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.
പിന്നെ ഞാൻ എന്നെ പരിചയപ്പെടുത്തി, എന്റെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു.
അദ്ദേഹം എന്റെ കൈ കുലുക്കി, ഒപ്പം അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതൊരു കെണിയാണെന്ന് ഞാൻ മനസ്സിലാക്കി.അത് ദോവൽ ആണെന്ന് എനിക്കറിയാമായിരുന്നുവെങ്കിൽ ഞാൻ പോകുമായിരുന്നില്ല. ബലം പ്രയോഗിച്ചിരുന്നെങ്കിൽ പോലും.
സംഭാഷണം അവസാനിച്ച ശേഷം, അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഡി.ജി.പി എന്നോട് ആവശ്യപ്പെട്ടു. അത് ബിരിയാണി ആയിരുന്നില്ല. ഞാൻ ദോവലുമായി സംവദിക്കുന്നതിനിടയിൽ, ഒരു ഉദ്യോഗസ്ഥൻ എന്റെ കയ്യിൽ ഒരു പ്ലേറ്റ് ചോറ് തന്നു. ചോറിനുപുറമെ, ഒരു കഷണം “ഗോഷ്ത്” (മാംസം) ഉണ്ടായിരുന്നു. ദോവൽ അത് ആസ്വദിച്ചാണ് കഴിച്ചത്. മുഹമ്മദ് ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.
ഞാൻ ‘വഞ്ചിക്കപ്പെട്ടു’ എന്ന് പറയില്ല. എന്നാൽ അവർ എന്നെ തെറ്റായ രീതിയിൽ അവതരിപ്പിച്ചു. ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ഞാൻ മറ്റൊരു ആവശ്യത്തിനാണ് ഡി.ജി.പിയെ കാണാൻ പോയത് എന്നാൽ അവർ അത് ദുരുപയോഗം ചെയ്തു. മുഹമ്മദ് കൂട്ടിച്ചേർത്തു.