ഇത് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്. പലവിധത്തിലാണ് ഡിജിറ്റൽ ലോകത്ത് ആളുകളുടെ പണം കവരാൻ തട്ടിപ്പുകാർ തന്ത്രം മെനയുന്നത്. ഫുഡ് ഓർഡർ ചെയ്യുന്നതു മുതൽ പ്രശ്നപരിഹാരങ്ങൾക്ക് സേവനം വാഗ്ദാനം ചെയ്തുവരെ വൻ തുക കൈക്കലാക്കുന്നു. ഇപ്പോഴിതാ പുതിയൊരു തട്ടിപ്പിന്റെ വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിയിൽ നിന്ന് തട്ടിപ്പുകാർ കൈവശപ്പെടുത്തിയത് എട്ടുലക്ഷം രൂപയാണ്.
കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുമാണ് 25കാരിയായ യുവതി ജോത്സ്യന്റെ സഹായം തേടിയത്. ഓൺലൈനിലൂടെയാണ് ജ്യോത്സ്യനെ കണ്ടെത്തിയത്. കാമുകനുമായുള്ള ബന്ധം തകരാൻ ആരോ മന്ത്രവാദം നടത്തിയെന്നും പരിഹാരം കാണാമെന്നും പറഞ്ഞ് ജോത്സ്യനും കൂട്ടാളികളും ചേർന്ന് എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ജലഹള്ളി സ്വദേശിയായ യുവതിയാണ് ഇക്കാര്യം കാണിച്ച് പരാതി നൽകിയത്. ജ്യോത്സ്യനായ അഹമ്മദ്, കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് പരാതി.കാമുകനുമായി രമ്യതയിലെത്താൻ ഡിസംബർ 9 ന് അവൾ അഹമ്മദുമായി ബന്ധപ്പെടുകയും തന്റെ പ്രശ്നങ്ങൾ പറയുകയും ചെയ്തു. യുവതിക്കെതിരെ ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്തെന്ന് അഹമ്മദ് വിശ്വസിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയകൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി 501 രൂപ അടച്ചു.
പിന്നീടാണ് ഇവർ തട്ടിപ്പു പുറത്തെടുത്തത്.കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിർക്കാതിരിക്കാൻ മന്ത്രവാദം ചെയ്യാമെന്നും അതിനായി 2.4 ലക്ഷം രൂപ നൽകണമെന്നും അഹമ്മദ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം, ഹെബ്ബാലിൽ വെച്ച് തന്റെ സഹായിക്ക് 1.7 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവതിക്ക് സംശയം തോന്നുകയും പണം നൽകില്ലെന്ന് അറിയിക്കുകയും ചെയ്തു.
അതോടെ ഭീഷണിയായി, കാമുകനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തി. ജനുവരി 10 വരെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ഇടപാടുകളിലായി 4.1 ലക്ഷം രൂപയാണ് യുവതി അടച്ചത്.
8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയമാതാപിതാക്കൾ ഇടപെട്ടാണ് ജാലഹള്ളി പോലീസിൽ പരാതി നൽകുകയായത്.ലിയാഖത്തുള്ളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് യുവതി പണം മാറ്റിയത്. മന്ത്രവാദം നടത്താൻ യുവതി നിർബന്ധിച്ചെന്നും പണം തിരികെ നൽകുമെന്നും അഹമ്മദ് പറഞ്ഞു. എന്നാൽ ഇയാളുടെ മൊബൈൽ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫാണെന്നും കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.