ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആൺ സുഹൃത്ത് യുവതിയിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. യുകെ യിൽ ഡോക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെട്ടയാളാണ് ചണ്ഡീഗഢ് സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയത്. ചണ്ഡീഗഢ് സെക്ടര്‍ 39-ലെ സി.എസ്.ഐ.ആര്‍-ഐ.എം. ടെക്കില്‍ ഗവേഷകയായ 35-കാരിക്കാണ് പണം നഷ്ടമായത്.
‘ആയാന്‍ കുമാര്‍ ജോര്‍ജ്’ എന്നാണ് പേരെന്നും യു.കെ.യില്‍ ഡോക്ടറാണെന്നുമായിരുന്നും പറഞ്ഞാണ് പ്രതി യുവതിയെപരിചയപ്പെട്ടത് . ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി സെപ്റ്റംബർ മാസത്തിലാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് വാട്ട്സാപ്പിലൂടെയും ഇവർ പരിചയം തുടർന്നു. സെപ്റ്റംബർ 28 ന് ഇയാൾ യുവതിയെ വിളിച്ച് ഇന്ത്യയിലെത്തിയതായി അറിയിച്ചു.
യു.കെ.യില്‍നിന്ന് അമ്മയ്‌ക്കൊപ്പം താന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയെന്നാണ് ഇയാള്‍ യുവതിയെ അറിയിച്ചത്. പിറകെ മറ്റൊരു സ്ത്രീ വിളിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. യു.കെ.യില്‍നിന്ന് എത്തിയ ഡോക്ടറുടെ കൈയില്‍ ഒരുലക്ഷം പൗണ്ടുണ്ടെന്നും ഇത് കൈവശംവെക്കാവുന്ന പരിധിയിലധികമാണെന്നും അതിനാല്‍ 68,500 രൂപ അടയ്ക്കണമെന്നും ഇവർ പറഞ്ഞു.
ഇതുകേട്ട് അവർ നൽകിയ അക്കൗണ്ടിലേക്ക് യുവതി 68,500 രൂപ കൈമാറി. പിന്നീട് വീണ്ടും ഫോൺ വിളിച്ച് അവർ പണം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയാണ് സംസാരിച്ചത്. യുവാവിന്റെ കൈവശം കൂടുതല്‍ പൗണ്ടുണ്ടെന്നും അതിനാല്‍ മൂന്നുലക്ഷം രൂപ കൂടി കൈമാറണമെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പിന്നാലെ ഫോണ്‍ യുവാവിന് കൈമാറി. എത്രയും വേഗം പണം അയക്കാൻ അയാളും ആവശ്യപ്പെട്ടു.
എന്നാൽ തനിക്ക് ഒരുലക്ഷം രൂപ മാത്രമേ അയക്കാൻ കഴിയൂ എന്ന് യുവതി അറിയിച്ചു.30,000 രൂപ കൂടി യുവതി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, പണം കൈമാറിയശേഷമാണ് സംഭവം തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചു. സംഭവത്തില്‍ ചണ്ഡീഗഢ് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.