ഇഡി അന്വേഷിക്കുന്ന കേസുകളില്‍ രാഷ്ട്രീയനേതാക്കൾക്കെതിരെയുള്ളത് മൂന്ന് ശതമാനം മാത്രം: പ്രധാനമന്ത്രി

എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്ന കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാക്കിയുള്ള 97 ശതമാനവും ഉദ്യോഗസ്ഥർക്കും മറ്റു കുറ്റവാളികൾക്കും എതിരേയുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഒതുക്കുകയാണെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read more

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരേ മാത്രമാണ് കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിക്കുന്നതെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു പ്രധാനമന്ത്രി. ഇത്തരം പ്രചാരണം നടത്തുന്നത് അഴിമതിക്കേസുകളുടെ വാൾ തലയ്ക്കുമേൽ തൂങ്ങുന്നവരാണെന്നും മോദി പറഞ്ഞു. അഴിമതി ഇല്ലായ്‌മചെയ്യുക എന്നതാണ് കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇത്തരം കേസുകളിൽ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലടക്കം നടപടി സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.