സിഎഎയോട് വിമുഖത കാട്ടി അസമുകാര്‍. അസമിൽ ഇന്ത്യന്‍ പൗരത്വത്തിനായി ഇതുവരെ അപേക്ഷിച്ചത് വെറും എട്ടുപേരാണ്. ഇതില്‍ തന്നെ അഭിമുഖത്തിനായി എത്തിയത് രണ്ടുപേര്‍ മാത്രമാണ്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണു വിവരങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ബംഗാളി ഹിന്ദുക്കളൊന്നും പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് ഹിമന്ത വെളിപ്പെടുത്തിയത്.
വലിയ തോതില്‍ ആളുകള്‍ സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയായി എട്ട് ബംഗാളി ഹിന്ദുക്കളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ തന്നെ അഭിമുഖത്തിനായി എത്തിയത് രണ്ടുപേര്‍ മാത്രമാണ്.
സിഎഎ വഴി പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ ബോധവല്‍ക്കരണവുമായി ബിജെപി പ്രവര്‍ത്തകര്‍ ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അവരില്‍ ഭൂരിഭാഗം പേരും പൗരത്വത്തിന് അപേക്ഷിക്കാന്‍ വിസമ്മതിക്കുകയാണെന്നും ഹിമന്ത പറഞ്ഞു. സിഎഎ കാരണം അസമിലെ ജനസംഖ്യ 50 ലക്ഷത്തിലേറെ വര്‍ധിക്കാനിടയുണ്ടെന്നു ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്നു പറഞ്ഞാണ് ഹിമാന്ത ബിശ്വ ശര്‍മ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അപേക്ഷകരുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ഇതു പറഞ്ഞായിരുന്നു സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍, അവരുടെ വാദങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഹിമന്ത വാദിച്ചു. സിഎഎ വഴി പൗരത്വത്തിന് അപേക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ചില ബംഗാളി ഹിന്ദുക്കളെ താൻ നേരില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, കോടതിയില്‍ തങ്ങളുടെ പൗരത്വം തെളിയിച്ചോളാം എന്നാണ് അവരെല്ലാം പറയുന്നത്. അസമില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നവര്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്ന വികാരമാണിതെന്നും ഹിമന്ത പറഞ്ഞു.
ഹിന്ദു ബംഗാളികള്‍ക്കെതിരായ ഫോറീന്‍ ട്രിബ്യൂണല്‍ കേസുകള്‍ റദ്ദാക്കില്ലെന്നും ഹിമാന്ത വ്യക്തമാക്കിയിട്ടുണ്ട്. 2015നുമുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ട്. അവര്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കേസെടുക്കും. ഇതൊരു നിയമപരമായ നിര്‍ദേശമാണ്. 2015നുശേഷം ഇവിടെയെത്തിയവരെ തിരിച്ചയയ്ക്കുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
സിഎഎ അപേക്ഷകര്‍ക്കു വേണ്ടിയാണ് ഏതാനും മാസത്തോളം ഫോറീന്‍ ട്രിബ്യൂണല്‍ കേസില്‍ നടപടികള്‍ നിര്‍ത്തിവച്ചത്. പുതിയ സാഹചര്യത്തില്‍ അവ പുനരാരംഭിക്കേണ്ടിവരും. അവര്‍ക്ക് പൗരത്വം ലഭിച്ചാല്‍ നേരത്തെ എടുത്ത കേസുകള്‍ ബാധിക്കില്ലെന്നും ഹിമന്ത പറഞ്ഞു.