ഗോവ വിദേശികള്‍ക്ക് മാത്രം, കാശില്ലാത്തവര്‍ ഗോവയിലേക്ക് വരേണ്ടെന്ന് മന്ത്രി

രാജ്യത്തെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഗോവ ഇഷ്ടം തന്നെ. എന്നാല്‍ പണം ചിലവഴിക്കാന്‍ പിശുക്കുള്ള ഇന്ത്യന്‍ സഞ്ചാരികളെയല്ല, വിദേശികളെയാണ് ഗോവയിലേക്ക് ആകര്‍ഷിക്കേണ്ടതെന്ന് മന്ത്രി വിജയ് സര്‍ദേശായി. മനോഹര്‍ പരീക്കര്‍ നയിക്കുന്ന മന്ത്രിസഭയിലെ കാര്‍ഷിക, നഗര ആസൂത്രണ വകുപ്പ് മന്ത്രിയാണ് വിജയ്.

രാജ്യത്ത് നിന്ന് തന്നെ ഗോവയിലെത്തുന്ന സഞ്ചാരികള്‍ സാമ്പത്തിക രംഗത്ത് കാര്യമായ സംഭാവനയൊന്നും നല്‍കുന്നില്ല. അതുകൊണ്ട് തന്നെ വിദേശിയരെയാണ് ഗോവയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കേണ്ടത്. സാമ്പത്തികമായി ഉയര്‍ന്ന വിദേശിയരെ ഗോവയിലേക്ക് എത്തിക്കുകയാണ് വേണ്ടത്. ഗോവ കുറച്ച് കൂടി ചെലവേറിയ ടൂറിസം കേന്ദ്രമാകണം. ഗോവയ്ക്ക് പോകുന്നത് സാമ്പത്തിക നഷ്ടമാണെന്ന് തദ്ദേശീയര്‍ പറയണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ടൂറിസം നയം മെച്ചപ്പെടുത്തണമെന്നും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.