നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കി; മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ ഇരുമുന്നണികളും

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രികകൾ സമർപ്പിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യവും. സഖ്യങ്ങൾ മാറി മറിഞ്ഞതും സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതുമാണ് അന്തിമ ഘട്ടത്തിലും മഹാരാഷ്ട്രയിലെ മുന്നണികളെ അനിശ്തത്വത്തിലാക്കുന്നത്.

ബിജെപി ഉൾപ്പെടുന്ന മഹായുതി 280 സീറ്റുകളിൽ ഇതുവരെ ധാരണയിലെത്തി. എന്നാൽ അവശേഷിക്കുന്ന എട്ട് സീറ്റുകളിൽ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബിജെപി 146 സ്ഥാനർഥികളുടെ പട്ടിക പുറത്തു വിട്ടിട്ടുണ്ട്. ഷിൻഡെ വിഭാഗം ശിവസേന 65 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇവർക്ക് 85 സീറ്റുകളാണ് ലഭിക്കുക. ബാക്കി 20 പേരുടെ പട്ടിക വൈകാതെ പുറത്തിറക്കുമെന്ന് നേതാക്കൾ അറിയിച്ചു. അജിത്പവാർ വിഭാഗം എൻസിപി 49 സ്ഥാനാർഥികളുടേയും പട്ടികയാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഇവർക്ക് ലഭിക്കുന്ന സീറ്റുകൾ ഇപ്പോഴും വ്യക്തമായിട്ടില്ല.

കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് 99 സ്ഥാനാർഥികളേയും ഉദ്ധവ് വിഭാഗം ശിവസേന 85 സ്ഥാനാർഥികളേയും ശരദ്‌പവാർ വിഭാഗം 82 സ്ഥാനാർഥികളേയും തീരുമാനിച്ചു. ഘടകകക്ഷികൾക്ക് 18 സീറ്റുകൾ നൽകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സിപിഎം നാല് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാസിക്കിലെ കൾവണും പാൽഘറിലെ ദഹാനുവും പാർട്ടിക്ക് അനുവദിച്ചിട്ടുണ്ട്. സോളാപുർസിറ്റി സെൻട്രൽ, നാസിക്വെസ്റ്റ് എന്നീ മണ്ഡലങ്ങൾ കൂടി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ഈ അനിശ്ചിതത്വം തിരഞ്ഞെടുപ്പിന് ശേഷവും നിലനിൽക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിയുന്ന അവസ്ഥയിലാണ്. ശിവസേനയിലെ പിളര്‍പ്പ്, മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ച, ഇതിന് പിന്നാലെ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും ഭരണസഖ്യത്തില്‍ ചേര്‍ന്നതും പിളര്‍ന്ന പാര്‍ട്ടികള്‍ക്കുള്ളിലെ ചേരിപ്പോരും ഒക്കെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ അസ്ഥിരതയുടെ കാരണങ്ങൾ.

Read more