ഓപ്പറേഷൻ കാവേരി; മലയാളികൾ ഉൾപ്പെടെ സുഡാനിൽ നിന്ന് ആദ്യസംഘം ഡൽഹിയിൽ എത്തി

സുഡാനിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 367 പേരടങ്ങുന്ന ആദ്യ സംഘം ഡൽഹിയിലെത്തി. രാവിലെ ഒൻപതു മണിയോടെയാണ് സൗദി എയർലൈൻസ് വിമാനം ഡൽഹിയിൽ എത്തിയത്. 19 മലയാളികളാണ് സംഘത്തിലുള്ളത്. സൗദി എയർലൈൻസ് SV3620 വിമാനത്തിലായിരുന്നു യാത്ര.

അതേ സമയം ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു.

Read more

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.