രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ, ​ഗോപാൽകൃഷ്ണ ​ഗാന്ധിക്ക് സാധ്യത

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്തിയേക്കുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചു.

സമവായം ഉണ്ടെങ്കിൽ സ്ഥാനാർത്ഥിയാകാമെന്ന സൂചനയാണ് ഗോപാൽകൃഷ്ണ ഗാന്ധി നൽകിയത്. ഇതിനിടെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻറെ പിന്തുണയും ശരദ് പവാർ തേടിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഗോപാൽകൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായി നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല.