കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായി കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി 24 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബുധനാഴ്ച രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. എൻ.സി.പി മേധാവി ശരദ് പവാർ, സി.പി.എമ്മിന്റെ സീതാറാം യെച്ചൂരി, സി.പി.ഐയുടെ ഡി രാജ, ടി.ആർ.ബാലു എന്നിവർക്കൊപ്പം കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാർലമെന്റിൽ കാർഷിക നിയമങ്ങളെ എതിർത്ത പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ജനാധിപത്യവിരുദ്ധമായാണ് ബില്ല് പാസാക്കിയതെന്ന് പറഞ്ഞ് ബില്ലുകളിൽ ഒപ്പിടരുതെന്ന് രാഷ്ട്രപതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് ബില്ലുകൾക്കും രാഷ്ട്രപതി അനുമതി നൽകുകയായിരുന്നു.
ബുധനാഴ്ച രാഷ്ട്രപതി പ്രതിപക്ഷത്തിലെ അഞ്ച് അംഗങ്ങളെ മാത്രമേ സ്വീകരിക്കൂ. പക്ഷെ ഐക്യത്തിന്റെ അടയാളമായി ബിജെപി ഇതര പാർട്ടികൾ ഒത്തുചേർന്ന് കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും അവരുടെ ആശങ്കകളും പ്രശ്നങ്ങളും വീണ്ടും ഉയർത്തിക്കാട്ടുന്ന ഒരു മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇത്തവണ വിഷയത്തിൽ പ്രസിഡന്റ് കോവിന്ദ് ഇടപെടുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഡൽഹിയുടെ അതിർത്തിയിൽ 10 ദിവസത്തിലേറെയായി കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികൾ കർഷകർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ന്, രാജ്യവ്യാപകമായി കർഷകർ ആഹ്വാനം ചെയ്ത അടച്ചുപൂട്ടലിന് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകി.