ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്: ബില്ല് അവതരണത്തിനുള്ള ഡിവിഷന്‍ വോട്ട് സൂചിപ്പിക്കുന്നതെന്ത്?; മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷം

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാനുള്ള പ്രമേയം ലോക്‌സഭയിലെ ഭൂരിപക്ഷം കൊണ്ട് നേടിയെടുത്തെങ്കിലും ബില്ല് പാസാക്കാന്‍ ഈ ഭൂരിപക്ഷം പോരെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം. പാര്‍ലമെന്റിലെ ഇരുസഭകളിലും ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ബില്ല് മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ഇന്നത്തെ ഡിവിഷന്‍ വോട്ടിന് പിന്നാലെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ പ്രതികരിച്ചു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായ ബില്ല് വോട്ടെടുപ്പ് നടത്തിയശേഷമാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ചള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെടുകയായിരുന്നു.

ബില്ല് അവതരിപ്പിക്കാന്‍ ഡിവിഷണ്‍ വോട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ സ്പീക്കര്‍ സഭയില്‍ വോട്ടെടുപ്പ് നടത്തു. ലോക്‌സഭയിലെ 543 സീറ്റുകളില്‍ ഇന്ന് സഭയില്‍ ഹാജരായത് 461 എംപിമാരാണ്. ഡിവിഷണ്‍ വോട്ടില്‍ പങ്കെടുത്ത ഇതില്‍ 263 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തി. ഇതോടെ ബില്ല് അവതരിപ്പിക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിന് കിട്ടിയെങ്കിലും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ പാസാകാനുള്ള സാധ്യതയ്ക്ക് മേലുള്ള വെല്ലുവിളിയും ഉയര്‍ത്തി കഴിഞ്ഞു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ പ്രധാനമന്ത്രിയ്ക്കും ഭരണപക്ഷ മുന്നണിയ്ക്കും കഴിയൂവെന്നിരിക്കെ കണക്കുകള്‍ ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ തവണത്തേ പോലെ മൃഗീയ ഭൂരിപക്ഷം ഒറ്റയ്ക്കില്ലാത്ത ബിജെപിയ്ക്ക് എന്‍ഡിഎ മുന്നണിയ്ക്കപ്പുറം പാര്‍ട്ടികള്‍ പിന്തുണച്ചാലെ ബില്ലുകള്‍ പാസാക്കിയെടുക്കാനാകൂ.

കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ സഭയിലെ ഡിവിഷണ്‍ വോട്ടിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയോട് കാര്യങ്ങള്‍ നിങ്ങള്‍ വിചാരിച്ച പോലെ നടക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തി. സഭയില്‍ ഇന്നുണ്ടായിരുന്ന 461 പേരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നാല്‍ 307 ആണെന്നും അത് നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി. 263 ആണ് ഭരണമുന്നണിയായ ബിജെപിയുടെ എന്‍ഡിഎയ്ക്ക് നേടാനായത്. 198 പേര്‍ ബില്ലിന് എതിരായി വോട്ട് ചെയ്തു. അതിനാല്‍ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്നും ബില്ല് പാസാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എംപി ഓര്‍മ്മപ്പെടുത്തി.
പിന്നാലെ ശശി തരൂര്‍ എംപിയും ബില്ല് പാസാക്കാന്‍ ഇതൊന്നും പോരെന്ന് ബിജെപിയേയും കൂട്ടരേയും ഓര്‍മ്മിപ്പിച്ചു.

അംഗബലത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തങ്ങളേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊരു ഭരണഘടനാഭേദഗതി ബില്ലാണ്. പാസാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് ഇതുമായി അധികകാലം മുന്നോട്ട്പോകാനാകില്ല.

ഞങ്ങള്‍ കോണ്‍ഗ്രസ് മാത്രമല്ല ഈ ബില്ലിനെ എതിര്‍ത്തതെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷവും ഈ ബില്ലിനെ എതിര്‍ത്തിട്ടുണ്ടെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ആ എതിര്‍പ്പിന് അടിസ്ഥാനമായി നിരവധി കാരണങ്ങളുണ്ട്. ഇത് ഭരണഘടനയുടെ ഫെഡറല്‍ ഘടനയുടെ ലംഘനമാണ്. കേന്ദ്ര സര്‍ക്കാര്‍ വീണാല്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ എന്തിന് താഴെ വീഴണമെന്ന ചോദ്യവും ശശി തരൂര്‍ മുന്നോട്ട് വെച്ചു.

ജെപിസിയിലും ജെപിസിയുടെ അംഗങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭരണപക്ഷ അനുകൂല പക്ഷപാത സമീപനവും വിമര്‍ശിച്ചു കൊണ്ടാണ് ജെപിസിയ്ക്ക് മുന്നില്‍ രക്ഷപ്പെട്ടാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ തട്ടി ബില്ല് വീഴുമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്ലവതരിപ്പിക്കുകയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്കായി വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബില്ല് ആമുഖത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രത്യാക്രമണവും ഭരണപക്ഷത്തിന് നേര്‍ക്കുണ്ടായി. കോണ്‍ഗ്രസിന്റെ മനീഷ് തിവാരി, സമാജ്വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിആര്‍ ബാലു എന്നിവരാണ് പ്രതിപക്ഷ നിരയില്‍ നിന്ന് മറുപടിയ്ക്ക് നേതൃത്വം നല്‍കിയത്. ബില്ലിനെതിരെ സിപിഎമ്മും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വിഭാഗവും മുസ്ലീം ലീഗും പ്രതിപക്ഷ നിരയില്‍ ശക്തിയുക്തം വാദിച്ചു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരായ പൊതുവായ വിമര്‍ശനം ഒരേസമയം തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കുന്നുവെന്നതാണ്. അത് ഉടന്‍ പിന്‍വലിക്കണമെന്നതുമാണ്. എല്ലാം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാക്കാനുള്ള അട്ടിമറയാണ് ഈ ബില്ലെന്ന് പ്രതിപക്ഷം പറയുന്നു.