ഭോപ്പാലില്‍ രജിസ്‌ട്രേഷന്‍ രേഖകളില്ലാതെ അനാഥാലയം; മലയാളി വൈദികന്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ രജിസ്‌ട്രേഷന്‍ രേഖകളില്ലാതെ അനാഥാലയം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. അനാഥാലയത്തിന്റെ മാനേജര്‍ ഫാ. അനില്‍ മാത്യു ആണ് അറസ്റ്റിലായത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അനാഥാലയത്തിന് രേഖകളില്ലെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ അനാഥാലയത്തിന്റെ മാനേജര്‍ അനില്‍ മാത്യുവിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണ കേന്ദ്രവും നടത്തിവരുകയായിരുന്നു ഫാ. അനില്‍ മാത്യു. രജിസ്‌ട്രേഷന്‍ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത്.

അതേസമയം അനാഥാലയത്തിലെ 26 കുട്ടികളെ മതപരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയെന്നും ഹിന്ദുക്കളായ കുട്ടികള്‍ക്ക് അവരുടെ ആരാധന സമ്പ്രദായം പിന്തുടരാന്‍ അനുമതിയില്ലെന്നും എഫ്‌ഐറില്‍ പറയുന്നു.

Read more

പൊലീസ് അറസ്റ്റ് ചെയ്ത വൈദികനെ കോടതി റിമാന്‍ഡ് ചെയ്തു. അനാഥാലയം പ്രവര്‍ത്തിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് പൊലീസ് വൈദികനെതിരെ നടപടിയെടുത്തത്.