ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത മുപ്പതോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രെഡിറ്റേഷനില്ലെന്ന വാദവുമായി പൊലീസ്. കസ്റ്റഡി സംബന്ധിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നവരാരും ഔപചാരിക മാധ്യമ പ്രവര്‍ത്തകരല്ലെന്ന വിശദീകരണമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഉള്ളത്. റിപ്പോര്‍ട്ടിംഗുമായി ബന്ധമില്ലാത്ത പലതും ഇവര്‍ കൈവശം വെച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. പരിശോധന പൂർത്തിയായാൽ “തുടർനടപടികൾ” ആരംഭിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
മംഗളൂരു വെന്‍റ് ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, 24, മീഡിയ വണ്‍ ചാനലുകളുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
Read more
സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.