45 ദിവസങ്ങൾക്കിടെ പ്രയാഗ്‌രാജിലെത്തിയത് 64 കോടിയിലേറെ തീർഥാടകർ; മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം

ജനുവരി 13ന് പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് 64 കോടിയിലേറെ തീർഥാടകർ. ലോകശ്രദ്ധ നേടിയ മഹാകുംഭമേള ഇന്ന് ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ സമാപിക്കും. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃത സ്നാനത്തോടെയാണ് സമാപിക്കുക. ഇന്ന് രാവിലെ 11.08 മുതൽ വ്യാഴാഴ്ച രാവിലെ 8.54 വരെയാണ് അമൃത സ്നാനത്തിന്റെ മുഹൂർത്തം.

പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. 37,000 പൊലീസുകാരെയും14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകൾ, 3 ‘ജൽ’ പൊലീസ് സ്റ്റേഷനുകൾ, 18 ‘ജൽ’ പൊലീസ് കൺട്രോൾ റൂമുകൾ, 50 വാച്ച് ടവറുകൾ എന്നിവയും തീർഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും വിഐപികൾക്ക് പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. അമൃത സ്നാനം കഴിഞ്ഞു മടങ്ങുന്നവർക്കായി 360ൽ ഏറെ അധിക ട്രെയിൻ‍ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാനായി 24 മണിക്കൂറും സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

അതേസമയം മഹാകുംഭമേളയ്‌ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടവും 30 ഓളം പേർക്ക് ജീവൻ നഷ്ടമായതും ഏറെ വിവാദത്തിന് കാരണമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് അപകടമുണ്ടായതെന്നും യോഗി ആദിത്യനാഥിനെതിരെ വിമർശനമുയർന്നിരുന്നു. പ്രയാഗ്‌രാജിലെ ഗംഗാജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ ഈ വിവാദങ്ങളൊന്നും തീർത്ഥാടകരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടില്ല.

പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.

Read more

മഹാകുംഭമേള ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ ഭൂമിയായ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണ കുംഭമേളകൾക്ക് ശേഷമാണ് മഹാകുംഭമേള. അതെയതെ 144 വർഷങ്ങൾക്ക് ശേഷമാണ് ഒരു മഹാകുംഭമേള വരുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് മഹാ കുംഭമേളയുടെ അവസാന ചടങ്ങുകൾ.