ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്; ഒന്നും കണ്ടെത്താനാവാതെ ഇ.ഡി, അധികാരമില്ലെന്ന് മുന്‍ധനമന്ത്രി

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. എയര്‍സെല്‍ – മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് ഇന്നലെയുണ്ടായി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുന്‍ ധനമന്ത്രി ചിദംബരത്തിന്‍റെ വീട് തന്നെ റെയ്ഡ് നടത്തിയതെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് എന്‍ഫോഴ്‌സ്‌മെന്റ് മകന്‌‍ കാര്‍ത്തിയുടേയും അടുത്ത സുഹൃത്തുക്കളുടേയും ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള വസ്തുക്കള്‍ റെയ്ഡ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും ചെയതു.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐ. പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

എന്നാല്‍ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് പി. ചിദംബരം രംഗത്തു വന്നു. ഇത്തരമൊരു പരിശോധനയ്ക്ക് യാതൊരു അധികാരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ എഫ്ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. എന്നാല്‍ പരിശോധനയെ ന്യായീകരിക്കാന്‍ പഴയ ചില കടലാസുകള്‍ അവര്‍ കൊണ്ടുപോയെന്നും ചിദംബരം പറഞ്ഞു.