ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍ക്കൊപ്പം ഒരു കശ്മീരി കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. മതത്തിന്റെ പേര് പറഞ്ഞു കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ നിന്ന് പൊരുതി നോക്കിയ ഒരു പഹല്‍ഗാകാരന്‍. സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ എന്ന 28 വയസുള്ള പഹല്‍ഗാമിലെ കുതിരസവാരിക്കാരന്‍. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിനോദസഞ്ചാരികള്‍ ചിതറിയോടിയപ്പോള്‍ ഭീകരരില്‍ ഒരാളില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ച് എടുത്ത് തന്റെ ഒപ്പം സവാരിക്ക് വന്നവരെ രക്ഷപ്പെടുത്താന്‍ പൊരുതി നോക്കിയ കശ്മീരി.

സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ എന്ന പ്രാദേശിക കശ്മീരി തനിക്കൊപ്പം വന്ന ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേടിലെ കാല്‍നടയായി മാത്രം എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് വിനോദസഞ്ചാരികളെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് കുതിരപ്പുറത്ത് കയറ്റിക്കൊണ്ടുപോകുന്ന ജോലിയാണ് സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ ചെയ്തിരുന്നത്. കുതിരപ്പുറത്ത് ബൈസരണ്‍ പുല്‍മേടിലേക്ക് താന്‍ കൊണ്ടുവന്ന വിനോദസഞ്ചാരിയെ ഭീകരര്‍ ലക്ഷ്യംവെയ്ക്കുന്നത് കണ്ട് സംരക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഭീകരര്‍ സെയ്ദ് ആദില്‍ ഹുസൈനെ വെടിവെച്ചു കൊന്നത്.

ഓടി രക്ഷപ്പെടുന്നതിനുപകരം, ആദില്‍ ഭീകരരില്‍ ഒരാളുടെ അടുത്തേക്ക് ഓടിക്കയറി ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇത് ഒരു നിമിഷത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തന്റെ ടൂറിസ്റ്റിനെ രക്ഷിക്കാനായി തോക്കുപിടിച്ചെടുക്കാനുള്ള സെയ്യിദിന്റെ ശ്രമം വിജയിച്ചില്ല, ഭീകരരുടെ വെടിയേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ സെയ്യിദ് കൊല്ലപ്പെട്ടു. എന്നാല്‍ ആ ധീരമായ ചെറുത്തുനില്‍പ് താന്‍ വഴികാട്ടിയായി വന്ന വിനോദസഞ്ചാരികള്‍ക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി നല്‍കുന്നതായിരുന്നു. ആ ധീരത കശ്മീരിലും അതിനപ്പുറത്തും ഓര്‍മ്മിക്കപ്പെടുമ്പോള്‍ മതം ചോദിച്ച് വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ധീരമായ മറുപടി കൂടിയാവുകയാണ്. ധീരതയുടെ അടയാളത്തിന് അപ്പുറം വിശ്വാസത്തിന് അതീതമായ മനുഷ്യത്വത്തിന്റെ പ്രതീകമായാണ് സെയ്ദ് ആദില്‍ ഹുസൈന്റെ പോരാട്ടത്തെ ലോകം കാണുന്നത്.

അവന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. വിനോദസഞ്ചാരികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് കണ്ട് അവരുടെ മുന്നിലേക്ക് ചാടി, താന്‍ ഇപ്പോള്‍ കണ്ടുമുട്ടിയ ആളുകളെ രക്ഷിക്കാന്‍ അവന്‍ തന്റെ ജീവന്‍ നല്‍കി.

മറ്റൊരു കുതിര സവാരി ഓപ്പറേറ്ററായ ഗുലാം നബിയുടെ വാക്കുകളാണ് ഇത്. വെടിയേറ്റ് മരിച്ച ആദില്‍, ഒരു വെടിയുണ്ടയ്ക്കും കൊല്ലാന്‍ കഴിയാത്ത മൂല്യങ്ങളുടെ ഒരു പ്രകാശനാളമാണ് രാജ്യത്തിന് കാണിച്ചത്. അനുകമ്പ, ഐക്യം, വിദ്വേഷത്തിനെതിരെ നിലകൊള്ളാനുള്ള ധൈര്യമെന്നിവയാണ് സെയ്ദ് ആദിലിന്റെ പ്രവര്‍ത്തി തീവ്രവാദം ഉയര്‍ത്തുന്നവര്‍ക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.

ഭീകരര്‍ ടൂറിസ്റ്റുകളുടെ മതം ചോദിച്ച് ഒരു ഇസ്ലാമിക വാക്യം ചൊല്ലാന്‍ നിര്‍ബന്ധിച്ചതിന് ശേഷമാണ് സഞ്ചാരികളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏക തദ്ദേശവാസി സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ എന്ന 28 വയസുകാരനായിരുന്നു. പ്രായാധിക്യത്തിലുള്ള മാതാപിതാക്കളും ഭാര്യയും കുട്ടികളുമുള്ള സെയ്ദ് തന്റെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. തന്റെ മകന്‍ ഇന്നലെ പഹല്‍ഗാമില്‍ ജോലിക്ക് പോയിരുന്നുവെന്നും ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞതെന്നും സെയ്ദിന്റെ കുടുംബം പറയുന്നു.

അവനെ വിളിച്ചുവെങ്കിലും പക്ഷേ അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു, പിന്നീട്, വൈകുന്നേരം 4.40 ന് അവന്റെ ഫോണ്‍ ഓണായി, പക്ഷേ ആരും മറുപടി നല്‍കിയില്ല. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തില്‍ അവന് വെടിയേറ്റതായി ഞങ്ങള്‍ അറിഞ്ഞത്.

ഉത്തരവാദികളായവര്‍ ആരായാലും അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവക്കണമെന്ന് സെയ്ദിന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പറയുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപിടിയുണ്ടാവണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അവരുടെ കൊച്ചു വീടിന്റെ വാതിലിനരികില്‍ കരഞ്ഞുകൊണ്ട് ആദിലിന്റെ അമ്മ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞതിങ്ങനെയാണ്.

‘അവന്‍ ഞങ്ങള്‍ക്ക് എല്ലാമായിരുന്നു. അവനാണ് വീടിനായി സമ്പാദിച്ചിരുന്നത്, ഞങ്ങളെ നോക്കിയത്, അവന്റെ വരുമാനത്തിലാണ് അന്തസ്സോടെ ജീവിച്ചത്.. ഇപ്പോള്‍ അവന്‍ പോയി, ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടു. പക്ഷേ അവന്‍ മരിച്ചത് ഒരു മഹത്തായ കാര്യം ചെയ്തുകൊണ്ടാണ്… ഞങ്ങള്‍ക്ക് എപ്പോഴും അഭിമാനത്തോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു കാര്യം ചെയ്താണ് അവന് ജീവന്‍ നഷ്ടമായത്.

Read more