പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും പങ്കെടുത്തു. ഇന്നലെത്തന്നെ ഇന്ത്യ നയതന്ത്രത്തിൽ ചില നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിൽ വ്യോമാതിർത്ഥി അടച്ചു. ഇക്കാര്യങ്ങൾ ഔദ്യോഗികമായി രാഷ്ട്രപതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം അമിത് ഷാ പഹൽഗാം സന്ദർശിച്ചിരുന്നു. അവിടുത്തെ സാഹചര്യവും രാഷ്ട്രപതിയെ അറിയിച്ചു. ജർമ്മനി, ജപ്പാൻ, പോളണ്ട്, യുകെ, റഷ്യ എന്നിവയുൾപ്പെടെ 20 ലധികം രാജ്യങ്ങളിലെ അംബാസഡർമാരോട് പഹൽഗാം ആക്രമണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണം രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും ബീഹാറിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read more
ശക്തമായ മുന്നറിയിപ്പ് നൽകുന്നുവെന്നും ഈ ഭീകരാക്രമണം നടത്തിയവർ ചിന്തിക്കാത്ത തരത്തിൽ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരരെ കണ്ടെത്തും. ആക്രമണത്തെ ഭീരുത്വമെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നും വിശേഷിപ്പിച്ച മോദി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന മുഴുവൻ രാജ്യവും പങ്കിടുന്നുവെന്ന് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാൻ പ്രധാനമന്ത്രി സദസിലുള്ലവരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൗനം ആചരിച്ചശേഷമാണ് പ്രസംഗം ആരംഭിച്ചത്.