പഹൽഗാം ഭീകരാക്രമണം: 'തീവ്രവാദികളെ' 'മിലിറ്റന്റ്സ്' എന്ന് വിശേഷിപ്പിച്ച റിപ്പോർട്ടിനെതിരെ ബിബിസിക്ക് കത്തെഴുതി സർക്കാർ

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തതിനെതിരെ കേന്ദ്രസർക്കാർ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചു. ബിബിസി ഇന്ത്യ മേധാവി ജാക്കി മാർട്ടിന് അയച്ച കത്തിൽ, മാധ്യമങ്ങൾ അവരുടെ റിപ്പോർട്ടിംഗിൽ “തീവ്രവാദികൾ” എന്നതിന് പകരം “മിലിറ്റന്റ്സ്” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചു. “ബിബിസിയുടെ കൂടുതൽ റിപ്പോർട്ടിംഗ് നിരീക്ഷിക്കും.” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ആരി ന്യൂസ്, ജിയോ ന്യൂസ് തുടങ്ങിയ പ്രമുഖ വാർത്താ ശൃംഖലകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ ചാനലുകളുടെ പങ്ക് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം നടപ്പിലാക്കിയത്.

“ജമ്മു കശ്മീരിലെ ദാരുണമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിച്ചതിന് ഡോൺ ന്യൂസ്, സമ ടിവി, ആരി ന്യൂസ്, ജിയോ ന്യൂസ് എന്നിവയുൾപ്പെടെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു.” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Read more

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി കര അതിർത്തി അടച്ചുപൂട്ടൽ, പാകിസ്ഥാൻ സൈനിക അറ്റാഷുകളെ പുറത്താക്കൽ എന്നിവയുൾപ്പെടെ നിരവധി ശിക്ഷാ നടപടികൾ ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.