പെഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജൻസ് ബ്യൂറോ വിഭാഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്.
ആദിൽ റഹ്മാൻ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിർ (20), ആമിർ നാസിർ വാണി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീർ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ അഹമ്മദ് വാണി (39), ഹരൂൺ റാഷിദ് ഖാനായി (32), സാക്കിർ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.
Read more
ഇവരുമായി ബന്ധപ്പെട്ടവരെ സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ വീടുകൾ ഇതിനോടകം തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തെരച്ചിൽ നടന്നു വരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.