ഏറ്റവും കുറഞ്ഞത് നാല് ഭീകരരാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണം. തെറ്റിധാരണ പരത്താന്‍ കാമഫ്‌ലജ് (പട്ടാള സമാന) വേഷത്തില്‍ ബൈസരന്‍ പുല്‍മേട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു ഭീകരര്‍. അമേരിക്കന്‍ നിര്‍മ്മിത അസോള്‍ട്ട് റൈഫിളായ M4 കാര്‍ബൈന്‍ റൈഫിളുകളും AK-47ഉം ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും കണ്ടെത്തി. 70 റൗണ്ട് വെടിയുതിര്‍ത്തതായാണ് കാട്രിഡ്ജുകളില്‍ കണ്ടെടുത്തതില്‍ നിന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
50-70നും ഇടയില്‍ ഉപയോഗിച്ച വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തത്. ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ നിഴല്‍ ഗ്രൂപ്പായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചു കൊണ്ട് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഇരകളുടെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതിനു ശേഷമുള്ള പ്രാഥമിക അന്വേഷണത്തില്‍ വിദേശ പൗരന്മാരെന്ന് കരുതുന്ന രണ്ട് പേര്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ പട്ടാള സമാന വസ്ത്രം ധരിച്ചാണ് എത്തിയതെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് സൂചന കിട്ടിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് കുറിക്കുന്നു. പുല്‍മേട്ടില്‍ എത്തിയ ശേഷം, ഭീകരര്‍ ആദ്യം വിനോദസഞ്ചാരികളെ തോക്കിന് മുനയില്‍ നിര്‍ത്തി ബന്ദികളാക്കി, തുടര്‍ന്ന് എല്ലാ സ്ത്രീകളോടും കുട്ടികളോടും അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും തിരിച്ചറിയല്‍ രേഖകള്‍ അന്വേഷിച്ചതിന് ശേഷം അവര്‍ വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ചില വിനോദസഞ്ചാരികളോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ പറഞ്ഞതായും ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് ഈ ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഏകദേശം 20-25 മിനിറ്റ് പഹല്‍ഗാമിലെ ബൈസരണ്‍ താഴ്‌വാരത്തില്‍ ഭീകരരുടെ ആക്രമണം നീണ്ടുനിന്നതായാണ് പ്രാഥമിക വിവരം.
രണ്ട് ഭീകരരുടെ പക്കലുണ്ടായിരുന്നത് M4 കാര്‍ബന്‍ൈ റൈഫിളെന്ന അമേരിക്കന്‍ നിര്‍മ്മിത നാറ്റോ അസോള്‍ട്ട് റൈഫിളും രണ്ട് പേരുടെ പക്കല്‍ എകെ 47ഉം ആണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഏജന്‍സികളും ലോക്കല്‍ പോലീസും പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് മുമ്പ് ഭൂപ്രദേശത്തെ നിരീക്ഷിക്കാനും ആക്രമണം പദ്ധതിയിടാനും പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഭീകരര്‍ക്ക് ഇവിടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഒരു കയ്യാള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷണം നടക്കുന്നുണ്ട്. 26 പേരെ കൊന്നതിന് ശേഷം ഭീകരര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. ഭീകരര്‍ കിഷ്ത്വാറില്‍ നിന്ന് പ്രാദേശിക അനുയായികളുടെ സഹായത്തോടെ കൊക്കര്‍നാഗ് വഴി ബൈസരനില്‍ എത്തിയതായാണ് സംശയിക്കുന്നത്.