പാക് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും; മയക്കുമരുന്ന് കടത്തില്‍ ഇന്ത്യയിലെ കണ്ണികളെ അന്വേഷിച്ച് എന്‍.സി.ബി

25000 കോടി രൂപയുടെ രാസലഹരി പിടികൂടിയ കേസില്‍ പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് കണ്ടെത്തല്‍. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.

കപ്പല്‍ മുക്കി സംഘം തെളിവ് നശിപ്പിച്ചില്ലായിരുന്നെങ്കില്‍ രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം പാകിസ്ഥാന്‍ പ്രതിക്കൂട്ടിലാകുമായിരുന്നു. മുക്കിയ കപ്പല്‍ ഇന്ത്യന്‍ സമുദ്ര മേഖലയ്ക്കുള്ളില്‍ കണ്ടെത്തി വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ അതു വലിയ നേട്ടമാവും.

ഹാജി സലീം നെറ്റ്വര്‍ക്കാണ് ഇതിന് പിന്നിലെന്ന് എന്‍സിബി ശരിവയ്ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ റിമാന്‍ഡിലായ പാക്ക് പൗരന്‍ സുബൈറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് അപേക്ഷ നല്‍കും.

ഇന്നലെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പാക് പൗരന്‍ സുബൈറിനെ പതിനാല് ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്.

Read more

സംഭവവുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജജിതമാണ്. മയക്കുമരുന്ന് കടത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും. മയക്കുമരുന്നിന്റെ ഉറവിടം ഇറാന്‍-പാകിസ്ഥാന്‍ ബെല്‍റ്റ് തന്നെയെന്ന് ഉറപ്പിക്കുമ്പോഴും ഇന്ത്യയില്‍ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം.