മോഡിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണം തോല്‍വി ഭയം കൊണ്ടെന്ന് മന്‍മോഹന്‍ സിങ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പരാജയ ഭയത്താല്‍ മോഡി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിലെ പാലന്‍പുരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ വിവാദ പ്രസ്ഥാപന. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോഡിയുടെ ആരോപണം.

രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ഇത്തരം നുണകളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണ്. എല്ലാം നഷ്ടപ്പെട്ട നിലയില്‍ ഒരാള്‍, അതും ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഇങ്ങനെ പറയുന്നതില്‍ സങ്കടമുണ്ട്. ഗുജറാത്തില്‍ മോദി പരാജയം ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ നിരാശയിലാണ് എല്ലാവര്‍ക്കു നേരെയും അദ്ദേഹം കാമ്പില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന കാര്യം പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണെന്നും മന്‍മോഹന്‍ പറഞ്ഞു. ഇത്തരമൊരു വ്യാജ പ്രസ്ഥാപന നടത്തിയ നരേന്ദ്രമോഡി രാജ്യത്തോട് മാപ്പ് പറയണം. രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രിയുടെ പദവിയില്‍ ഉള്ള ഒരാള്‍ കള്ളം പ്രചരിപ്പിക്കുന്നത് വേദനാജനകമാണ്. ആ മാന്യതയും ഗൗരവബോധവും പ്രധാനമന്ത്രി കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്‍മോഹന്‍ പറഞ്ഞു.

ഉദ്ദംപുരിലും ഗുരുദാസ്പുരിലുമെല്ലാം ഭീകരാക്രമണം ഉണ്ടായപ്പോള്‍ ആരുടെയും ക്ഷണമില്ലാതെ പാകിസ്താനില്‍ പോയ ആളാണ് മോഡി. പാക്കിസ്ഥാന്റെ “കാര്‍മികത്വ”ത്തില്‍ നടത്തിയതെന്ന് ഉറപ്പുള്ള ഒരു ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാക്ക് ചാരസംഘടനയുടെ പ്രതിനിധിയെ പഠാന്‍കോട്ട് വ്യോമസേന താവളത്തിലേക്ക് ക്ഷണിച്ചതിന്റെ കാരണവും മോദി രാജ്യത്തോടു വ്യക്തമാക്കണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

മോഡിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് രംഗത്തു വന്നിരുന്നു. മോഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും, ഗൂഢാലോചനകള്‍ വഴിയല്ലാതെ തിരഞ്ഞെടുപ്പില്‍ സ്വന്തം ശക്തിയാല്‍ വിജയിക്കാന്‍ നോക്കണമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.