ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാൻ. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്‌താൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. “ഏതെങ്കിലും തീവ്രവാദി രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ, ഞങ്ങൾ തക്കമറുപടി നൽകും. അവർ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാൽ, ഞങ്ങൾ അവിടെ പോയി അവരെ കൊല്ലും” എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
സിഎൻഎൻ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം. 2019-ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പാകിസ്താനിൽ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്നാഥ് സിങ്ങിൻ്റെ മറുപടി. ഭീകരർക്ക് തക്കതായ മറുപടി നൽകുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രതികരണവുമായി രംഗത്തെത്തിയത്.
പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താൽപര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.
അതേസമയം പാക്കിസ്ഥാനിൽ ഇന്ത്യ ഒന്നിലധികം കൊലപാതകങ്ങൾ നടത്തിയതായുള്ള ദി ഗാർഡിയന്റെ ആരോപണം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. മറ്റ് രാജ്യങ്ങളിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ഇന്ത്യൻ സർക്കാരിൻ്റെ നയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.