'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പാക്കിസ്ഥാൻ്റെ ആണവ സാധ്യതകൾ ഉയർത്തിക്കാട്ടി കോൺഗ്രസ് രാജ്യത്ത് ഭീതി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവായുധം പോലും കൈകാര്യം ചെയ്യാൻ ഇന്ന് പാകിസ്ഥാന് കഴിയുന്നില്ല. ആണവായുധങ്ങൾ വിൽക്കാനാണ് അവരിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി ആരോപിച്ചു.

ഇന്ന് പാകിസ്ഥാൻ്റെ അവസ്ഥ അവർക്ക് ആണവായുധം പോലും കൈകാര്യം ചെയ്യാൻ കഴിയാത്തതാണ്. അവർ ഇപ്പോൾ അത് വിൽക്കാൻ ഇറങ്ങിയിരിക്കുകയാണ്. പക്ഷേ അവരുടേത് നല്ല നിലവാരമുള്ളതല്ലെന്ന് ആളുകൾക്ക് അറിയാം. അതുകൊണ്ട് അവ വിറ്റുപോകുന്നില്ലെന്നും , പ്രധാനമന്ത്രി പറഞ്ഞു.

പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ വാർഷികമായ ഇന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ മോദി അഭിനന്ദിച്ചു. 26 വർഷം മുമ്പ് ഈ ദിവസം (മെയ് 11) പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയത് അടൽ ബിഹാരി വാജ്‌പേയിയുടെ നേട്ടമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അതിൽ അഭിമാനിച്ചിരുന്നു. ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തി തെളിയിച്ച സമയമായിരുന്നു അതെന്നും മോദി പറഞ്ഞു.

അന്നും കോൺഗ്രസിൻ്റെ ചിന്താഗതി മറുവശത്ത് രാജ്യത്തെ ഭയപ്പെടുത്തുക എന്നതായിരുന്നു. പാകിസ്ഥാനിൽ ആറ്റം ബോംബുണ്ടെന്ന ഭീതി അന്ന് മുതലേ കോൺഗ്രസ് രാജ്യത്ത് പടർത്തുന്നുണ്ടെന്നും മോദി ആരോപിച്ചു. ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ കോൺഗ്രസിന് ദുർബലമായ ചിന്താഗതിയുണ്ടെന്ന് ആരോപിച്ച മോദി, തീവ്രവാദികളെ പാഠം പഠിപ്പിക്കുന്നതിന് പകരം കോൺഗ്രസ് തീവ്രവാദ സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും ആരോപിച്ചു..

’26/11 മുംബൈ സംഭവത്തിന് ശേഷം ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കോൺഗ്രസുകാർക്ക് ധൈര്യമുണ്ടായിരുന്നില്ല. എന്തുകൊണ്ട്? തങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ അത് അവരുടെ വോട്ട് ബാങ്കിനെ തകിടം മറിക്കുമെന്ന് കോൺഗ്രസും ഇന്ത്യൻ സഖ്യവും കരുതിയതാണ് കാരണം’- മോദി ആഞ്ഞടിച്ചു.

ഒഡീഷയിലെ കന്ധമാൽ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഫുൽബാനിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ബിജെപി അതിൻ്റെ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് പരമാവധി സീറ്റുകൾ നേടുമ്പോൾ എൻഡിഎ 400 കടക്കുമെന്ന് രാജ്യം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കോൺഗ്രസിൻ്റെ ‘സെഹ്‌സാദ’ എല്ലാ ദിവസവും പ്രസ്താവനകൾ നടത്തുകയാണെന്ന് രാഹുൽ ഗാന്ധിയെ പരാമർശിച്ച് മോദി പറഞ്ഞു. ‘2014, 2019, 2024 തിരഞ്ഞെടുപ്പുകളിലെ അദ്ദേഹത്തിൻ്റെ പ്രസംഗം നിങ്ങൾ കണ്ട് കാണും . രാഹുൽ 10 വർഷമായി അതേ സ്ക്രിപ്റ്റ് വായിക്കുന്നു. കോൺഗ്രസിന് പ്രതിപക്ഷ കക്ഷിയാകാൻ മൊത്തം ലോക്‌സഭാ സീറ്റിൻ്റെ പത്തിലൊന്ന് ആവശ്യമാണ്. കോൺഗ്രസ് പ്രതിപക്ഷ പാർട്ടി പോലും ആകില്ലെന്ന് രാജ്യം തീരുമാനിച്ചു, അവരുടെ എണ്ണം 50 ൽ താഴെയായി കുറയും. ജൂൺ 4 ന് നിങ്ങൾ അത് കാണും’- മോദി പറഞ്ഞു.

Read more

ജൂൺ നാലിന് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കാൺപൂരിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രസ്താവന.