പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശത്തിലൂടെയാണ് കേസ്റ്റ് ഗാര്‍ഡ് വിവരം അറിഞ്ഞത്.

ഒരു ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തെന്നും ഏഴ് മത്സ്യത്തൊഴിലാളികളെ പിടികൂടിയെന്നുമായിരുന്നു സന്ദേശം. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. പാകിസ്ഥാന്‍ മാരിടൈം ഏജന്‍സിയാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

തൊഴിലാളികളെയും കൊണ്ടുപോയ പാക് മാരിടൈം ഏജന്‍സിയുടെ പിഎംഎസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചേസിങ്ങിനൊടുവില്‍ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.