ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വിസ അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരികെ എത്തിക്കാനും യോഗം തീരുമാനിച്ചു.
വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. അതേസമയം പെഹല്‍ഗാം ഭീകരാക്രമണത്തിലുണ്ടായിരുന്ന ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആനന്ത്ഗാഹ് പൊലീസ് രംഗത്തെത്തി. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷിമായി പ്രഖ്യാപിച്ചിട്ടുള്ളത്.
കുല്‍ഗാമിലെ തങ്മാര്‍ഗില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പുറത്തുവരുന്ന വിവരം. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സിആര്‍പിഎഫ്, കരസേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനാണ് കുല്‍ഗാമില്‍ നടക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഒന്നിലേറെ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പെഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ സൈന്യം പരിശോധന ശക്തമാക്കിയിരുന്നു. അതേസമയം പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരുടെ ചിത്രം നേരത്തെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.