'ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങൾ'; പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ

രാജ്യത്തെ പിടിച്ചുകുലുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാൻ എതിർക്കുന്നുവെന്നും ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാ​ഗമാണ് ആക്രമണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

പാകിസ്ഥാന്റെ ലൈവ് 92 വാർത്താ ചാനലിന് പാക് പ്രതിരോധ മന്ത്രി അഭിമുഖം നൽകി ഇക്കാര്യം പറഞ്ഞത്. നാഗാലാൻഡ് മുതൽ കശ്മീർ വരെയും, ഛത്തീസ്ഗഢ്, മണിപ്പൂർ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിലും അസ്വസ്ഥതകൾ പുകയുന്നു. ഇവിടെയൊന്നും വിദേശ ഇടപെടലുകളുടെ പ്രവർത്തനങ്ങളല്ല, മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളാണ് കാരണമെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തെളിവുകൾ ലഭിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ നിയന്ത്രണത്തിലാണ് ആക്രമണം നടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരം. ആക്രമണത്തിന്റെ സൂത്രധാരൻ ലഷ്‌കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

അഞ്ചോ ആറോ ഭീകരരാണ് ആക്രമണത്തിന്റെ ഭാഗമായതെന്നും ഇവരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ലഷ്‌കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു.

Read more

ഇതിനിടെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങൾ പാകിസ്ഥാൻ ഒഴിപ്പിച്ചു. പാക്കിസ്ഥാൻ വ്യോമസേനയോട് ജാഗ്രത പുലർത്താനും പാക്കിസ്ഥാൻ നിർദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ തെക്കൻ പട്ടണങ്ങളിലെ താവളങ്ങളിലുണ്ടായിരുന്ന വ്യോമസേന വിമാനങ്ങൾ വടക്കുള്ള ബേസുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതിർത്തികളിലെ പിക്കറ്റുകളിൽ നിന്നും പാക്കിസ്ഥാൻ പട്ടാളം പിൻവലിഞ്ഞിട്ടുണ്ട്.